ദേശപ്പെരുമയുടെ ആലേഖനങ്ങളുമായി സ്കൂൾ ചുമരുകൾ

കൊയിലാണ്ടി: സ്വന്തം നാടി​െൻറ ചരിത്രം പുതുതലമുറക്ക് പകർന്നു നൽകാൻ നൂതനപദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. ചരിത്രത്തിൽ എഴുതിയതും എഴുതപ്പെടാത്തതുമായ ഒരുപാട് പെരുമകളുണ്ട് കോവിൽകണ്ടിയെന്ന കൊയിലാണ്ടിക്കും പന്തലായനി ദേശത്തിനും. അവ സ്കൂൾ വരാന്തയുടെ ചുമരുകളിൽ ആവിഷ്കരിച്ചിരിക്കയാണ്. പോർച്ചുഗീസ് നാവികനായ വാസ്കോഡ ഗാമയുടെ ആഗമനം, കുഞ്ഞാലി മരക്കാരുടെ കടൽയുദ്ധം, ക്വിറ്റ് ഇന്ത്യ സമരത്തി​െൻറ ഭാഗമായി നടന്ന കീഴരിയൂർ ബോംബ് നിർമാണ കേസ്, ചേമഞ്ചേരിയിലെ രജിസ്റ്റർ ഓഫിസ് കത്തിക്കൽ സമരത്തി​െൻറ ഓർമപുതുക്കൽ സ്തൂപം, പ്രശസ്ത സ്വാതന്ത്ര്യസമര സേനാനി കെ. കേളപ്പൻ, കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ, മെട്രോമാൻ ഇ. ശ്രീധരൻ, യു.എ. ഖാദർ തുടങ്ങി പ്രദേശത്തുനിന്ന് ഉന്നതങ്ങളിലെത്തിയവർ, വിവിധമേഖലകളിൽ തങ്ങളുടെ വൈദഗ്ധ്യം പ്രകടിപ്പിച്ച് ശ്രദ്ധേയരായവർ തുടങ്ങിയവരും 'ഗാലറി ഓഫ് ലൈറ്റ്സ്' എന്ന ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്തമായ കൊല്ലം പിഷാരികാവുക്ഷേത്രം, മുചുകുന്നിലെ മൺപാത്രനിർമാണം, ലോകപ്രശസ്തമായ കൊയിലാണ്ടി ഹുക്ക, 1913-ൽ നിർമിച്ച കൊയിലാണ്ടി കോടതി, കോരപ്പുഴ, മൂരാട് പാലം തുടങ്ങിയവയുടെ ശ്രദ്ധേയശേഖരവുമുണ്ട്. 'ഗാലറി ഓഫ് ലൈറ്റ്സ്' കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ. സത്യൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, വി.പി. ഇബ്രാഹിംകുട്ടി, ഹെഡ്മാസ്റ്റർ സി.കെ. വാസു, എൽ.വി. വത്സൻ, പി. പ്രശാന്ത്, സി. ജയരാജ്, യു.കെ. ചന്ദ്രൻ, പി. വത്സല, എം.ജി. ബൽരാജ്, ബിജേഷ് ഉപ്പാലക്കൽ, സാജിദ് അഹമ്മദ് എക്കാട്ടൂർ, കെ. നവാസ്, എ. സുബാഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.