വാളയാർ/കുഴൽമന്ദം: ജില്ലയിൽ വാളയാറിലും കുഴൽമന്ദത്തുമായി അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ട് കോടിയുടെ സ്വർണം പിടികൂടി. വാളയാറിൽ കാറിൽ കടത്താൻ ശ്രമിച്ച ഒന്നരക്കോടി രൂപ വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേരാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് സ്വദേശികളായ ഏലത്തൂരിൽ മുസ്തഫ (31), കൊക്കനൂരിൽ സന്ദീപ് (30) എന്നിവരെയാണ് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. പാമ്പാംപള്ളം ടോൾപ്ലാസക്കു സമീപം വാഹന പരിശോധന സംഘത്തെക്കണ്ട യുവാക്കൾ അമിത വേഗത്തിൽ പൊലീസിനെ വെട്ടിച്ച് കാറുമായി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്തുടർന്ന പൊലീസ് സംഘം കഞ്ചിക്കോട്ടുനിന്നാണ് ഇവരെ പിടികൂടിയത്. കാറിെൻറ ഡിക്കിയിലും സീറ്റിനടിയിലും ആഭരണമായും കട്ടിയായും രഹസ്യമായാണ് സ്വർണം സൂക്ഷിച്ചത്. സംസ്ഥാന അതിർത്തി ചെക്ക്പോസ്റ്റിൽ പരിശോധന മറികടന്നാണ് വാഹനമെത്തിയത്. കൂടുതൽ അന്വേഷണത്തിനായി ജി.എസ്.ടി വകുപ്പിനു സ്വർണം കൈമാറിയെന്ന് പൊലീസ് അറിയിച്ചു. വാളയാർ എസ്.ഐ പി.എം. ലിബി, എ.എസ്.ഐ ശ്യാംകുമാർ, സീനിയർ സി.പി.ഒ തുളസിദാസ്, സി.പി.ഒമാരായ പ്രതാപൻ, അഫ്സൽ, വിപിൻ, രഘു, അനുരഞ്ജിത്ത്, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. കുഴൽമന്ദത്ത് കെ.എസ്.ആർ.ടി.സി ബസിൽ കടത്തിയ 50 ലക്ഷം വിലവരുന്ന രണ്ട് കിലോ സ്വർണം എക്സൈസ് പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തിൽ രാജസ്ഥാൻ സ്വദേശി ആധാറാം ചൗധരി പിടിയിലായി. കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും ദേശീയപാത ചിതലി അഞ്ചുമുറി ജങ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബംഗളൂരുവിൽനിന്ന് തൃശൂരിലേക്ക് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ബംഗളൂരുവിൽനിന്ന് പാലക്കാട് വരെ ട്രെയിനിൽ വന്ന ഇയാൾ പാലക്കാട് നിന്നാണ് ബസിൽ കയറിയത്. ആഭരണങ്ങളാക്കി ബാഗിലാക്കിയ നിലയിലായിരുന്നു. തുടർ നടപടികൾക്കായി വിൽപന നികുതി വിഭാഗത്തിന് കൈമാറി. കഴിഞ്ഞ മാസവും ഇതേ രീതിയിൽ കടത്തിയ 5.596 കിലോ സ്വർണം കുഴൽമന്ദം എക്സൈസ് പിടികൂടിയിരുന്നു. കുഴൽമന്ദം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഉദയകുമാർ, പ്രിവൻറിവ് ഓഫിസർ സെയ്ദ് മുഹമ്മദ്, സുരേഷ് കുമാർ, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫിസർമാരായ സതീഷ് കുമാർ, മധു, രമേഷ്, സ്മിത, ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.