ഇ.എസ്.ഐ ആശുപത്രിയിലെ സ്കാനിങ് മെഷീൻ പ്രവർത്തിക്കുന്നില്ല; സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കാനെന്ന് ആരോപണം ഫറോക്ക്: ഫറോക്ക് ഇ.എസ്.ഐ റഫറൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റിനെ നിയമിക്കാത്തതിനാൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ അൾട്രാസൗണ്ട് സ്കാനിങ് മെഷീൻ രോഗികൾക്കും ഉപഭോക്താക്കൾക്കും ഉപകാരപ്പെടാതെ അനാഥമായി കിടക്കുന്നത് ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അനാസ്ഥയാണെന്ന ആക്ഷേപം ശക്തമാകുന്നു. സ്വകാര്യ സ്കാനിങ് സ്ഥാപനങ്ങൾക്ക് ഒത്താശ ചെയ്യുന്ന ഇത്തരം നടപടികൾ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സി.എം.പി ഫറോക്ക് ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. അതിരാവിലെ ദൂരസ്ഥലങ്ങളിൽനിന്ന് ആശുപത്രിയിലെത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിന്ന് ഉദ്യോഗസ്ഥർ എത്തുമ്പോഴാണ് റേഡിയോളജിസ്റ്റില്ലാത്ത വിവരമറിയുന്നത്. ഒട്ടനവധി രോഗികളാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. ഏറെ മുറവിളികൾക്കും പ്രതിഷേധത്തിനും ശേഷമാണ് ആശുപത്രിയിൽ ലേബർ റൂം സൗകര്യം ഏർപ്പെടുത്തിയത്. ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തതിനാൽ ഇതും പ്രവർത്തിക്കുന്നില്ല. ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള ഇത്തരം തെറ്റായ സമീപനങ്ങൾക്കെതിരെ സി.എം.പിയുടെ നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് നേതൃത്വം വ്യക്തമാക്കി. ഏരിയ സെക്രട്ടറി പി. ബൈജു അധ്യക്ഷത വഹിച്ചു. പി. പ്രേമരാജൻ, കെ. ഉഷ, എം. സുധീഷ്, പി. അച്യുതൻ, കെ. സുബ്രഹ്മണ്യൻ, കമലേഷ് കടലുണ്ടി, കെ.വി. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.