മുത്തപ്പൻപ്പുഴയിലെ ജണ്ടകെട്ടൽ: റവന്യൂ വനം വകുപ്പ് ഉദ്യോഗസ്ഥ യോഗം ഇന്ന്

തിരുവമ്പാടി: തിരുവമ്പാടി, കോടഞ്ചേരി ഗ്രാമപഞ്ചായത്തുകളിലെ വനഭൂമി ജണ്ട കെട്ടുന്നത് വിവാദമായ സാഹചര്യത്തിൽ വെള്ളിയാഴ്ച റവന്യൂ, -വനം വകുപ്പ് ഉദ്യോഗസ്ഥർ യോഗംചേരും. രാവിലെ 11ന് കലക്ടറേറ്റിലാണ് യോഗം. മുത്തപ്പൻപുഴ, മറിപ്പുഴ, കുണ്ടൻതോട് എന്നിവിടങ്ങളിൽ കൃഷിയിടങ്ങളിൽ ജണ്ട കെട്ടുന്നതായി ആരോപിച്ച് കർഷകർ രംഗത്തെത്തിയിരുന്നു. ഇരുവഴിഞ്ഞിപ്പുഴയുടെ ഇരുകരകളിലായുള്ള 45 ഹെക്ടർ ഭൂമിയിലാണ് വനം വകുപ്പ് ജണ്ട കെട്ടുന്നത്. 42 ഓളം കർഷകരുടെ കൃഷിഭൂമി ജണ്ട കെട്ടുന്നതിൽ ഉൾപ്പെടുന്നതായാണ് ആക്ഷേപമുള്ളത്. എന്നാൽ, 1972-75 വർഷങ്ങളിലെ റവന്യൂ രേഖകൾപ്രകാരം ഈ പ്രദേശങ്ങൾ വനഭൂമിയാണെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. രണ്ടു മാസം മുമ്പ് കൃഷിയിടത്തിൽ ജണ്ട കെട്ടുന്നതായി പരാതിയുയർന്നതിനെ തുടർന്ന് പ്രശ്നത്തിൽ ജോർജ് എം.തോമസ് എം.എൽ.എ ഇടപെട്ടിരുന്നു. കർഷകരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കാമെന്ന് അന്ന് തീരുമാനിച്ചെങ്കിലും നടപ്പായില്ല. ഇപ്പോൾ വനം വകുപ്പ് അധികൃതർ വീണ്ടും ജണ്ട സ്ഥാപിക്കൽ നടപടി ആരംഭിച്ചതോടെ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തി. ഇതേത്തുടർന്ന് എം.എൽ.എ വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച് ഉദ്യോഗസ്ഥ യോഗം വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.