കൊടുവള്ളി: വായനയും സാഹിത്യാഭിരുചിയും കൈമുതലാക്കി വിദ്യാർഥികൾ. മലയാളത്തിലെ പുസ്തകങ്ങൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയാണ് വിദ്യാർഥികൾ തങ്ങളുടെ കഴിവ് തെളിയിച്ചത്. കൊടുവള്ളി മുസ്ലിം യത്തീംഖാനയിൽ പ്രവർത്തിക്കുന്ന ചെമ്മാട് ദാറുൽഹുദ ഇസ്‌ലാമിക് യുനിവേഴ്‌സിറ്റിയുടെ സഹസ്ഥാപനമായ കെ.എം.ഒ ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാർഥികളാണ് ചരിത്രം, ചെറുകഥ, ബാലസാഹിത്യം തുടങ്ങി മലയാളത്തിലെ പ്രമുഖ കൃതികൾ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത്. യത്തീംഖാനയുടെ 40ാം വാർഷിക പരിപാടികളുടെ ഭാഗമായി സ്ഥാപനത്തിലെ ആദ്യബാച്ച് വിദ്യാർഥികളുടെ കൂട്ടായ്മയായ ഇത്തിഹാദ് ഫ്രൻഡ്സിലെ 40 വിദ്യാർഥികളാണ് അധ്യാപകനായ അസ്ലം ഹുദവിയുടെ നേതൃത്വത്തിൽ വിവർത്തനം നടത്തിയത്. വായന വർഷാചരണം സംഘടിപ്പിച്ച് ആറുമാസം കൊണ്ടാണ് 40 കൃതികളുടെ വിവർത്തനം പൂർത്തിയാക്കിയത്. അക്കാദമി പ്രിൻസിപ്പൽ ഷബീർ ഹുദവി, അധ്യാപകരായ ബഷീർ ഹുദവി, ശഫീഖ് ഹുദവി എന്നിവർ വിദ്യാർഥികൾക്ക് മാർഗ നിർദേശം നൽകി. വിവർത്തനം ചെയ്ത പുസ്തകങ്ങളുടെ പ്രകാശനം യത്തീം ഖാന സന്ദർശന പരിപാടിയിൽ സി.പി. അബ്ദുള്ളക്കോയ തങ്ങൾ നിർവഹിച്ചു. അനുസ്മരണ സമ്മേളനം കാരാട്ട് റസാഖ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.ടി.എ. റഹിം എം.എൽ.എ അധ്യക്ഷത വഹിച്ചു. അന്തേവാസികള്‍ക്കുള്ള തൊഴിലുപകരണ വിതരണം ജെ.ഡി.ടി സെക്രട്ടറി സി.പി. കുഞ്ഞുമുഹമ്മദ് നിര്‍വഹിച്ചു. സമൂഹ പ്രാര്‍ഥനക്ക് വാവാട് പി.കെ. കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.