മാപ്പിളകല അക്കാദമി ഉദ്‌ഘാടനം 11ന്

നാദാപുരം: സാംസ്കാരിക വകുപ്പ് നാദാപുരത്ത് അനുവദിച്ച മോയിൻകുട്ടി വൈദ്യർ മാപ്പിള കല അക്കാദമി ഉപകേന്ദ്രം ഉദ്ഘാടനം 11ന് മന്ത്രി എ.കെ. ബാലൻ നിർവഹിക്കുമെന്ന് മാപ്പിളകല കേന്ദ്രം സംസ്ഥാന സെക്രട്ടറി റസാഖ് പയിമ്പറോട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാദാപുരം എം.എൽ.എ ഇ.കെ. വിജയൻ അധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് കക്കംവെള്ളിയിൽനിന്ന് മന്ത്രിയെ നാദാപുരം ഗവ യു.പി സ്‌കൂൾ ഗ്രൗണ്ടിലേക്ക് ആനയിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. ബസ്സ്റ്റാൻഡിനു പിന്നിലെ താൽക്കാലിക കെട്ടിടത്തിലാണ് കേന്ദ്രം തുടക്കത്തിൽ പ്രവർത്തിക്കുക. സ്ഥിരം കെട്ടിടനിർമാണത്തിന് സർക്കാർ ഒരുകോടി അനുവദിച്ചിട്ടുണ്ട്. ഉദ്‌ഘാടനത്തോടനുബന്ധിച്ച് വ്യാഴാഴ്ച കല്ലാച്ചിയിൽനിന്ന് നാദാപുരത്തേക്ക് സിവിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രചാരണ സൈക്കിൾ റാലി നടക്കും. വെള്ളി രാവിലെ പത്തുമുതൽ വൈകിട്ട് ആറുവരെ ഇശൽകൂട്ടം സന്ദേശയാത്ര നടക്കും. ഉച്ചക്ക് രണ്ടിന് നിയോജകമണ്ഡലത്തിലെ ഹയർസെക്കൻഡറി വിദ്യാർഥിനികൾക്കായി മൈലാഞ്ചിയിടൽ മത്സരം നാദാപുരം ടി.ഐ.എം ബിഎഡ് കോളജിൽ അരങ്ങേറും. രാത്രി ഏഴിന് നാദാപുരം ബസ്സ്റ്റാൻഡിൽ മേഖലയിലെ മുഴുവൻ പാട്ടുകാരും അണിനിരക്കുന്ന ഗാനമേള നടക്കും. ശനിയാഴ്ച രാവിലെ 10-ന് നാദാപുരം ഗവ. യു.പി. സ്‌കൂൾ ഓഡിറ്റോറിയത്തിൽ ജില്ലാതല മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർപേഴ്‌സനും നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമായ എം.കെ. സഫീറ, ജനറൽ കൺവീനർ വി.സി. ഇക്ബാൽ, കൺവീനർ സി.എച്ച്. മോഹനൻ, ട്രഷറർ രാജേന്ദ്രൻ കപ്പള്ളി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.