ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവർഗ വനിതകൾ കെട്ടിട നിർമാണ രംഗത്തേക്ക്. ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിലെ ഇരുപതാം വാർഡ് 'പ്രിയം' കുടുംബശ്രീ അംഗങ്ങളായ 10 പട്ടികവർഗ വനിതകളാണ് ഈ പുതിയ സംരംഭത്തിന് ജില്ലയിൽ തുടക്കം കുറിക്കുന്നത്. ആലപ്പുഴ ജില്ലയിൽ ആരംഭിച്ച കുടുംബശ്രീ നിർമാണ യൂനിറ്റ് വിജയകരമായതിനെ തുടർന്നാണ് ജില്ലയിലും ഈ പദ്ധതി തുടങ്ങാൻ കുടുംബശ്രീ മിഷൻ തീരുമാനിച്ചത്. അതിനായി അപേക്ഷ വിളിച്ചപ്പോൾ തന്നെ ഒട്ടും മടികൂടാതെ കടന്നുവരുകയായിരുന്നു ഇവർ. 53 ദിവസം നൽകുന്ന നിരന്തര പരിശീലനത്തിലൂടെയാണ് ഇവർ ഈ തൊഴിൽ രംഗത്തേക്ക് ചുവടുറപ്പിക്കുക. നിർമാണ മേഖലയിലെ വിദഗ്ധനായ ഒരു മേസ്തിരിയുടെ കീഴിലാണ് പരിശീലനം പൂർത്തിയാക്കുക. പരിശീലന ചെലവ് കുടുംബശ്രീ മിഷനാണ് വഹിക്കുക. ആദ്യ ഘട്ടത്തിൽ ലൈഫ് ഭവനപദ്ധതിയിൽ സ്വന്തംനിലയിൽ വീടുപണി പൂർത്തീകരിക്കാൻ കഴിയാത്ത ഗുണഭോക്താക്കളുടെ വീട് നിർമാണം ഏറ്റെടുത്തു പൂർത്തീകരിക്കുകയാണ് ചെയ്യുക. പിന്നീട് സന്നദ്ധ സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ ഏറ്റെടുത്തു നടത്തുന്ന വീടുകളും നിർമിച്ച് നൽകും. 53 ദിവസത്തെ പരിശീലനത്തിൽ ഒരു വീടിെൻറ തറയുടെ പണി മുതൽ ബെൽറ്റ് വാർക്കൽ, പടവ് പണി, കോൺക്രീറ്റ്, വയറിങ്, തേപ്പ്, പെയിൻറിങ് തുടങ്ങി എല്ലാ മേഖലകളും ഉൾപ്പെടും. 200 രൂപ സ്റ്റൈപൻഡും ഭക്ഷണവും നൽകും. പുതുപ്പാടി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ലൈഫ് ഭവന പദ്ധതി ഗുണഭോക്താവ് എടുത്തുവെച്ച കല്ല് ചുണ്ടത്തുംപൊയിൽ വീട്ടിൽ വിധവയായ മൈഥിലിയുടെ വീട് നിർമിച്ചാണ് ഇവർക്ക് പരിശീലനം നൽകുന്നത്. മട്ടിക്കുന്ന് സ്വദേശി രതീഷാണ് ഇവർക്ക് പരിശീലനം നൽകുന്നത്. പരിശീലനം പൂർത്തിയാകുന്നതോടെ ഈ ഗ്രൂപ് സർക്കാർ അംഗീകാരമുള്ള നിർമാണ ഏജൻസിയായി മാറും. സർക്കാറിെൻറ വിവിധ നിർമാണ പ്രവർത്തനങ്ങൾ ടെൻഡർ പോലുമില്ലാതെ ഇവർക്ക് ചെയ്യാനും സാധിക്കും. ഇരുപതാം വാർഡിലെ പയോണ പട്ടികവർഗ കോളനിയിലെ പ്രിയം അയൽക്കൂട്ടം അംഗങ്ങളായ സുനിത, ജാനു, ബിന്ദു, സീത, ചന്ദ്രിക, സൗമിനി, ലത, സുമതി, കല്യാണി, ചന്ദ്രിക എന്നിവരാണ് ഗ്രൂപ് അംഗങ്ങൾ. നിർമാണ പരിശീലനത്തിെൻറ ഉദ്ഘാടനം തിങ്കളാഴ്ച വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി എടുത്തുവെച്ച കല്ലിൽ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.