സാങ്കേതിക പിഴവ്; പരിശോധനക്കിടെ ഓട്ടോ മറിഞ്ഞ് വഴിയാത്രക്കാരടക്കം ആറു പേർക്ക് പരിക്ക്

ഫറോക്ക്: നിർമാണത്തിലെ സാങ്കേതിക പിഴവ് പരിശോധിക്കാൻ നടത്തിയ ടെസ്റ്റ് ഡ്രൈവിങ്ങിനിടെ ഓട്ടോമറിഞ്ഞ് വഴിയാത്രക്കാരടക്കം ആറു പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെ ഫാറൂഖ് കോളജ് അടിവാരം ഇറക്കത്തിലാണ് അപകടം. ഓട്ടോ ഉടമ ചാലിയം പുത്തൻ വീട്ടിൽ നൗഫൽ (28), ഫറോക്ക് വഴിയോട് ബാവ് ജിത്ത് (28), അജിത്ത് (33), ശരത്ത് (29) എന്നിവർക്കും വഴിയാത്രക്കാരായ പന്തീരാങ്കാവ് സ്വദേശി കൃഷ്ണനുണ്ണി (65), ശാന്തകുമാരി (55) എന്നിവർക്കുമാണ് പരിക്കേറ്റത്. ഇവരെ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫറോക്ക് ചുങ്കത്തെ ഓട്ടോ വിൽപന കേന്ദ്രത്തിൽ നിന്നും നൗഫൽ 20 ദിവസങ്ങൾക്ക് മുമ്പാണ് ബജാജ് പാസഞ്ചർ ഓട്ടോ വാങ്ങിയത്. അന്ന് മുതലേ ഓട്ടോ ഓടിക്കുമ്പോൾ സാങ്കേതിക തകരാറിനാൽ പാളിച്ച സംഭവിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനാൽ ഒട്ടേറെ തവണ കമ്പനി അധികൃതരെ വിവരം അറിയിച്ചിരുന്നതായി ഉടമ നൗഫൽ പറഞ്ഞു. തകരാറ് കൂടുതലായതിനെ തുടർന്ന് ചൊവ്വാഴ്ച രാവിലെ ചുങ്കത്തെ ഷോറൂമിൽ എത്തുകയും ഇതനുസരിച്ച് കമ്പനി ജീവനക്കാരുമായി ചുങ്കം മുതൽ ഫാറൂഖ് കോളജ് വരെ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയിലാണ് അടിവാരം ഇറക്കത്തിൽ ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.