അർബുദത്തെ പേടിക്കേണ്ട; കാണൂ 'കാൻ ക്യുവർ'

* ഈ രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് 'കാൻ ക്യുവർ' പ്രദർശനം കോഴിക്കോട്: അത്യാധുനിക ചികിത്സമാർഗങ്ങൾ കണ്ടെത്തിയിട്ടും നമ്മെ ഇന്നും ഭയപ്പെടുത്തുന്ന രോഗമാണ് അർബുദം. ഒന്നു മനസ്സുവെച്ചാൽ പടിക്കുപുറത്തു നിർത്താവുന്ന ഈ രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം വിശദീകരിക്കുകയാണ് 'കാൻ ക്യുവർ' പ്രദർശനം. മേഖല ശാസ്ത്രകേന്ദ്രത്തിൽ എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും അർബുദരോഗികളുടെ ക്ഷേമസംഘടനയായ 'പ്രതീക്ഷ'യും ചേർന്നാണ് അർബുദത്തെക്കുറിച്ച് സമഗ്ര വിവരങ്ങളുൾപ്പെടുത്തിയ ബോധവത്കരണ പ്രദർശനം തുടങ്ങിയത്. എന്താണ് അർബുദം, എങ്ങനെയുണ്ടാകുന്നു, ശരീരത്തെ എങ്ങനെ ബാധിക്കുന്നു, പരിണതഫലങ്ങൾ എന്തെല്ലാം എന്നിവക്കു പുറമെ വിവിധതരം അർബുദങ്ങൾ, അവയുടെ ലക്ഷണങ്ങളും മുൻകരുതലുകളും, പുകയില, മദ്യം, ലഹരി തുടങ്ങിയവ അർബുദത്തിന് അടിമയാക്കുന്നത് എങ്ങനെ, രോഗനിർണയവും ചികിത്സരീതികളും, ഇൗ രംഗത്തെ ആധുനിക സാങ്കേതികവിദ്യകൾ തുടങ്ങിയവ സചിത്രം വിവരിക്കുകയാണ് കാൻ ക്യുവർ. ഇംഗ്ലീഷിലും മലയാളത്തിലും വിശദീകരണക്കുറിപ്പുകളുണ്ട്. ഇതോടൊപ്പം അർബുദം ബാധിച്ച ശ്വാസകോശം, സ്തനം, തൊലി, കുടൽ, മൂത്രസഞ്ചി, കാൽപാദം, വയർ, പാൻക്രിയാസ്, ഗർഭാശയം, അണ്ഡാശയം, കണ്ണ്, തൈറോയ്ഡ് തുടങ്ങിയ അവയവങ്ങളും പ്രദർശനത്തിലുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് പാത്തോളജി വിഭാഗത്തിലെ ശേഖരത്തിൽനിന്നുള്ളവയാണിവ. പുകവലിക്ക് കൊടുക്കേണ്ടിവരുന്ന 'വലിയ വില' ചിത്രീകരിക്കുന്ന പ്രതിമയും പ്രദർശിപ്പിച്ചിട്ടുണ്ട്. അർബുദം സംബന്ധിച്ച് സാധാരണക്കാരുടെ ചോദ്യങ്ങൾക്കെല്ലാം 'കാൻ ക്യുവറി'ലൂടെ ഉത്തരം ലഭിക്കും. പ്രദർശനത്തിനൊപ്പം ചോദ്യോത്തര സെഷൻ, സംവാദം, ബോധവത്കരണ ക്ലാസുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വി.ആർ. രാജേന്ദ്രൻ പ്രദർശനം ഉദ്ഘാടനം ചെയ്തു. എം.വി.ആർ കാൻസർ സ​െൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ ഡയറക്ടർ ഡോ. നാരായണൻകുട്ടി വാരിയർ അധ്യക്ഷത വഹിച്ചു. ശാസ്ത്രകേന്ദ്രം ഡയറക്ടർ വി.എസ്. രാമചന്ദ്രൻ, എജുക്കേഷൻ ഓഫിസർ കെ.എം. സുനിൽ, പ്രതീക്ഷ പ്രസിഡൻറ് അശോകൻ ആലപ്രത്ത് എന്നിവർ സംസാരിച്ചു. ശാസ്ത്രകേന്ദ്രം ഓഡിറ്റോറിയത്തിൽ രാവിലെ 10.30 മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശനം. ഇൗമാസം 25ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.