തിരുവോണ പുലരിയിലെ ഓണക്കാഴ്​ചകളില്‍ ഓണപ്പൊട്ടനും

സുല്‍ത്താന്‍ ബത്തേരി: ഉത്രാടപ്പുലരിയില്‍ ഓണത്തി​െൻറ വരവറിയിച്ച് വയനാടന്‍ ഗ്രാമവീഥിയില്‍ കുരുത്തോലക്കുട ചൂടി മണിക്കിലുക്കവുമായി ഓണപൊട്ടന്‍ എത്തി. മലബാര്‍ മേഖലയിലെ ഉള്‍ഗ്രാമങ്ങളില്‍ ഓണനാളുകളില്‍ കെട്ടുന്ന തെയ്യ രൂപമാണ് ഓണപ്പൊട്ടൻ. മഹാബലിയുടെ പ്രതിരൂപമായ ഓണപ്പൊട്ടന്മാര്‍ മാലോകര്‍ക്ക് അനുഗ്രഹമേകാനാണ് വീടുകള്‍ കയറിയിറങ്ങുന്നതെന്നാണ് വിശ്വാസം. വയനാട്ടുകാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഈ കാഴ്ച കണിയാമ്പറ്റക്കടുത്തുള്ള കൂടോത്തുമ്മല്‍ ഗ്രാമത്തിലാണ് പ്രത്യക്ഷപ്പെട്ടത്. തിരുവോണ ദിനത്തിലും ഒാണപ്പൊട്ടൻ വീടുകളിലെത്തും. കൂടോത്തുമ്മല്‍ മലയന്‍കണ്ടി തറവാട്ടിലെ സഹോദരങ്ങളായ ബിജുമോനും ബാബുരാജുമാണ് ഓണപ്പൊട്ട​െൻറ വേഷമണിയുന്നത്. മലയന്‍ സമുദായത്തില്‍പെട്ടവര്‍ക്കാണ് ഓണപ്പൊട്ട​െൻറ വേഷം അണിയാനുള്ള അവകാശമുള്ളത്. തെയ്യം, തിറ കലാകാരായ ഈ സഹോദരങ്ങള്‍ കാരണവന്മാരില്‍ നിന്നുമാണ് വേഷപ്പകര്‍ച്ച പഠിച്ചെടുത്തത്. പേരാമ്പ്രയില്‍നിന്നും കുടിയേറി വയനാട്ടിലെത്തിയപ്പോള്‍ കാലങ്ങളായി കാത്തുവെച്ച സംസ്‌കാരം ഉപേക്ഷിക്കന്‍ തയാറായില്ല. ഇന്നിത് ഒരു ഗ്രാമത്തി​െൻറ ഒാണാഘോഷങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. ഇവിടെ കഴിഞ്ഞ 18 വര്‍ഷമായി ഇൗ ആചാരം മുടങ്ങിയിട്ടില്ല. ഉത്രാടനാളിലും തിരുവോണ നാളിലും അതിരാവിലെ തന്നെ ഓണപ്പൊട്ടന്‍ ഓണേശ്വരനായി വീടുകള്‍ കയറിയിറങ്ങാന്‍ തുടങ്ങും. ദൂരെനിന്നും പൂജ മണിയൊച്ച കേള്‍ക്കുന്നതോടെ ഓണേശ്വരനെ സ്വീകരിക്കാന്‍ വിളക്കുകള്‍ കൊളുത്തി ദക്ഷിണയുമായി വീട്ടുകാര്‍ കാത്തിരിക്കും. ഓണേശ്വരന്‍ മാവേലിയുടെ പ്രതിരൂപമായെത്തുന്നത് പൊങ്ങിനി ക്ഷേത്ര പരിസരത്തു നിന്നാണ്. മൂന്നുദിവസത്തെ വൃതാനുഷ്ഠാനങ്ങള്‍ക്ക് ശേഷമാണ് ഓണപൊട്ട​െൻറ വേഷം കെട്ടുന്നത്. വാഴനാര് ചീകി മിനുക്കിയുണ്ടാക്കിയ മുടിയും താടിയുമണിഞ്ഞ് പാളയില്‍ തീര്‍ത്ത കിരീടത്തില്‍ ചെത്തിപ്പൂക്കള്‍ ചൂടി, ചുവന്ന പട്ടുടുത്ത് കുരുത്തോലക്കുട ചൂടി, മണിയൊച്ചയും മുഴക്കിയാണ് ഓണപ്പൊട്ടന്‍ ഗ്രാമത്തിലേക്കിറങ്ങുന്നത്. ഉത്രാട നാളില്‍ അതിരാവിലെ നാലുമണി മുതല്‍ ഒരുക്കം തുടങ്ങും. ചായില്യം, മനോല, അരി, ചാന്ത്, മഷി, മഞ്ഞപ്പൊടി എന്നിവയാണ് മുഖമെഴുതുവാന്‍ ഉപയോഗിക്കുന്നത്. ഒരുക്കം പൂര്‍ത്തിയാക്കിയശേഷം തറവാട്ടിലെ പൂജകള്‍ കഴിഞ്ഞ് ആറുമണിയേടെ ഓണപ്പൊട്ടന്‍ നാട്ടിലിറങ്ങും. കിരീടം അണിഞ്ഞാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ലെന്നാണ് വിശ്വാസം. സംസാരിക്കാത്തതിനാലാണ് ഒണേശ്വരന് ഓണപ്പൊട്ടന്‍ എന്നപേര് ലഭിച്ചതും. ആരോടും ഒന്നും ഉരിയാടാതെ മണികിലുക്കിയാണ് ഓണപ്പൊട്ടന്‍ ത​െൻറ വരവറിയിക്കുന്നത്. ദക്ഷിണയായി കിട്ടുന്ന അരിയും പണവും ഓണക്കോടിയും സ്വീകരിച്ച് താളത്തില്‍ ചുവടുകള്‍വച്ച് ഓടിയാണ് ഓണപ്പൊട്ടന്‍ വീടുകള്‍ കയറിയിറങ്ങുന്നത്. കൈയിലുള്ള പൂജാമണി കൊണ്ടാണ് ദക്ഷിണ സ്വീകരിക്കുന്നത്. ഉത്രാട ദിനത്തില്‍ ബാബുരാജാണ് ഓണപ്പൊട്ട​െൻറ വേഷമണിഞ്ഞത്. തിരുവോണ ദിനത്തില്‍ ബിജുമോനും വേഷമിട്ട് വീടുകള്‍ കയറിയിറങ്ങും. പൊങ്ങിനി, ചീക്കല്ലുര്‍ ഭാഗങ്ങളിലായി 300ഓളം വീടുകളിലാണിവര്‍ ഓണേശ്വരന്മാരായി എത്തുന്നത്. -എൻ.ആർ. അരുൺ SUNWDL15 ഉത്രാടദിനത്തില്‍ കൂടോത്തുമ്മലിൽ ഇറങ്ങിയ ഓണപ്പൊട്ടന്‍ പ്രസ്ക്ലബ് ഒാണാഘോഷം കൽപറ്റ: വയനാട് പ്രസ്ക്ലബി​െൻറ ഓണാഘോഷം സി.കെ. ശശീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭാ വൈസ് ചെയർമാൻ പി.പി. ആലി മുഖ്യാതിഥിയായി. പ്രസ്ക്ലബ് പ്രസിഡൻറ് രമേഷ് എഴുത്തച്ഛൻ അധ്യക്ഷത വഹിച്ചു. സെക്രട്ടി പി.ഒ. ഷീജ, പി. ജയേഷ്, കെ.എ. അനിൽകുമാർ എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങൾ, ഓണസദ്യ, ഓണക്കിറ്റ് വിതരണം എന്നിവ നടത്തി. ഒാണാഘോഷം വെള്ളമുണ്ട: കാവുംകുന്ന് പട്ടികജാതി കോളനിയിൽ കോടഞ്ചേരി യുവജന കൂട്ടായ്മ ഒാണാഘോഷം സംഘടിപ്പിച്ചു. കോടഞ്ചേരി ജുമാമസ്ജിദ് ഖാദി എം.ജെ. സാജിർ ദാരിമി ഉദ്ഘാടനം ചെയ്തു. ടി.കെ. മമ്മൂട്ടി ഒാണാഘോഷ സന്ദേശം നൽകി. യുവജന കൂട്ടായ്മ പ്രസിഡൻറ് കെ. ജിതിൻ അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് അഷ്റഫ്, കോളനി കമ്മിറ്റി പ്രസിഡൻറ് കെ. നാരായണൻ, സെക്രട്ടറി ഐ.കെ. ബാബു, മൊതക്കര അമൃതാനന്ദ മഠം കാര്യദർശി കെ.എസ്. ഹരിദാസ് എന്നിവർ സംസാരിച്ചു. കെ.എസ്. സുധിൻ സ്വാഗതവും കെ. വിജയൻ നന്ദിയും പറഞ്ഞു. പുൽപള്ളി: വെട്ടിക്കവല സഹൃദയവേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി​െൻറ നേതൃത്വത്തിൽ ഓണാഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുള്ളൻകൊല്ലി പഞ്ചായത്തംഗം രക്ഷിത പ്രതീഷ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ്് ജോമോൻ കാട്ടേക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജൻ കൊട്ടിലിങ്കൽ, സെക്രട്ടറി ജിബിൻ വർഗീസ്, ജോയിൻറ് സെക്രട്ടറി മനു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വൈത്തിരി: സുഗന്ധഗിരി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഒാണാഘോഷം വാർഡ് മെമ്പർ എം.എം. ജോസ് ഉദ്ഘാടനം ചെയ്തു. അമ്പെയ്ത്ത്് മത്സരം, വോളിബാൾ, വടംവലി തുടങ്ങിയ വിവിധ കായിക പരിപാടികളും സംഘടിപ്പിച്ചു. ഒാണസദ്യയും ഒരുക്കി. കായിക മത്സരങ്ങളിലെ വിജയികൾക്ക് ട്രൈബൽ എസ്റ്റൻഷൻ ഒാഫിസർ പി.എസ്. ശ്രീനാഥ് സമ്മാനം കൈമാറി. സുഗന്ധഗിരി എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് വിനോദ് കുറുമൻ മുഖ്യപ്രഭാഷണം നടത്തി. പി.സി. സുനിൽ, പി.എസ്. പ്രവീൺ, എ. മോഹൻദാസ്, നൗഫൽ, പി.എസ്. രതീഷ്, സുരേഷ്, ശങ്കരൻ, പി. പ്രദീപ്, മേരി ജോസ്, രേണുക ഉണ്ണി, എ.ടി. ഷേർളി, പി.ആർ. ബിജു, ജി. ദിലീപ്, എം.കെ. ബാലൻ, എം. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കൽപറ്റ: പള്ളിക്കുന്ന് സഹൃദയ വായനശാലയുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്കായി ഒാണാഘോഷം നടത്തി. പൂക്കള മത്സരം, ഷൂട്ട് ഒൗട്ട്, സുന്ദരിക്ക് പൊട്ടുകുത്തൽ, കുപ്പിയിൽ വെള്ളം നിറക്കൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. വൈസ് പ്രസിഡൻറ് ഒ.പി. ജോഷി, സെക്രട്ടറി പി.ഡി. ജിജേഷ്, കെ. ഹരിദാസ്, വി.എസ്. മാത്യു, ശാന്തകുമാരി കുഞ്ഞിരാമൻ, ഷിൽറ്റി മാത്യു, നിഷ ഹരിദാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.