വില്യാപ്പള്ളി: മംഗലാട്ടെ തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ പാരമ്പര്യമായി കിട്ടിയ പതിവ് ഇത്തവണയും തെറ്റിച്ചില്ല. ഇതര സമുദായാംഗങ്ങളെ ആദരപൂർവം സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുവരുത്തി ഉത്രാടനാളിൽ സദ്യ വിളമ്പി ഈട്ടുകയാണ് പതിവുരീതി. കുറ്റ്യാടി മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല മുതൽ ചുറ്റുവട്ടത്തെ നാടൻ കർഷകർ വരെ കൂട്ടത്തിലുണ്ടാവും. ഒത്തുകൂടിയ എല്ലാവർക്കും വയർനിറയെ കാളനും ഓലനും പായസവുമടങ്ങിയ സദ്യ. വർഷങ്ങളുടെ പഴക്കമുള്ള പതിവാണിത്. ഉത്രാടനാളിൽ നമ്പ്യാരുടെ വിളിക്കായി കാത്തിരിക്കുകയായിരിക്കും ചുറ്റുവട്ടത്തെയും കല്ലാച്ചിയിലെ കച്ചവടക്കാരനായ നമ്പ്യാരുടെ കൂട്ടുകാർ. ഇതര മതക്കാരനായിരിക്കണമെന്നതാണ് ആകെയുള്ള നിബന്ധന. മുസ്ലിംകൾ തിങ്ങിത്താമസിക്കുന്ന ഇവിടങ്ങളിൽ മുസ്ലിം സുഹൃത്തുക്കളാണ് കൂടുതൽ. കാലക്കറക്കത്തിൽ ഒരിക്കൽ റമദാനിൽ ഓണദിനം വന്നപ്പോൾ നോമ്പുതുറ ഒരുക്കിയാണ് സൗഹൃദത്തിെൻറ നല്ലോണമൊരുക്കിയത്. അന്ന് സദ്യക്കുപകരം റമദാൻ വിഭവമായ തരിക്കഞ്ഞിയും കുഞ്ഞിപ്പത്തിരിയും അലീസയുമായിരുന്നു ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.