കഞ്ചാവ് വിൽപന നടത്തിവന്ന തട്ടുകട നാട്ടുകാർ അടിച്ചു തകർത്തു കൊടുവള്ളി: കൊടുവള്ളിയിൽ കഞ്ചാവ് വിൽപന നടത്തിവന്ന തട്ടുകട നാട്ടുകാർ അടിച്ചുതകർത്തു. കൊടുവള്ളി ചോലക്കുന്നുമ്മൽ വട അയമൂട്ടി എന്ന് നാട്ടുകാർ വിളിക്കുന്ന അഹമ്മദ്കുട്ടിയുടെ തട്ടുകടയാണ് നാട്ടുകാർ വെള്ളിയാഴ്ച പുലർച്ചെ അടിച്ചു തകർത്തത്. അഹമ്മദ്കുട്ടിയെ കഞ്ചാവ് വിൽപനക്കിടെ പൊലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു കട തകർത്തത്. പാലക്കുറ്റി അങ്ങാടിക്കും പെട്രോൾ പമ്പിനുമിടയിലാണ് തട്ടുകട. കൊടുവള്ളിയിൽ 30 വർഷത്തോളമായി കച്ചവടം നടത്തുന്നയാളാണ് അഹമ്മദ്‌കുട്ടി. മുമ്പ് കൊടുവള്ളി മാർക്കറ്റ് റോഡിലായിരുന്നു ഇയാൾ പെട്ടിക്കട നടത്തിയിരുന്നത്. ഇവിടെയും കച്ചവടം മറയാക്കി കഞ്ചാവും ബ്രൗൺ ഷുഗറും വിൽപന നടത്തിയിരുന്നു. ഇയാളുടെ കഞ്ചാവ് വിൽപനയെക്കുറിച്ച് ശക്തമായ പ്രതിഷേധമുയർന്നപ്പോൾ കച്ചവടം മാർക്കറ്റ് റോഡിൽനിന്ന് മാറ്റുകയായിരുന്നു. താമരശ്ശേരി ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുവള്ളി സി.ഐയാണ് വെള്ളിയാഴ്ച പുലർച്ചെ അഹമ്മദ്കുട്ടിയെ പിടികൂടിയത്. ഇയാളിൽനിന്ന് 1.70 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സ്വന്തം കെട്ടിടത്തിൽ നടക്കുന്ന മയക്കുമരുന്ന് കച്ചവടത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടതിന് കൊടുവള്ളി പി.എസ്.കെ കോംപ്ലക്സ് ഉടമ ഷൗക്കത്തലിയെ ആക്രമിച്ച് കാലു തല്ലിയൊടിച്ചതിനെ തുടർന്ന് പൊലീസ് മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരിക്കുകയാണ്. ഈ കേസിലെ പ്രതികളായ നാലംഗ സംഘത്തെ ഇതുവരെ പിടികിട്ടിയിട്ടില്ല. ഇവർക്കായി പൊലീസ് ഊർജിതമായി അന്വേഷണം നടത്തിവരുകയാണ്. ലഹരി ഉപയോഗിക്കുന്ന സംഘത്തെ തടയുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ മഹല്ല് കമ്മിറ്റികൾ അത്തരം കുടുംബങ്ങളെ ബഹിഷ്കരിക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള തയാറെടുപ്പിലാണ്. photo: kdy-2 Thakartha thattukada കൊടുവള്ളി ചോലക്കുന്നുമ്മൽ അഹമ്മദ്കുട്ടി കഞ്ചാവ് വിൽപന നടത്തിയ തട്ടുകട നാട്ടുകാർ അടിച്ചുതകർത്ത നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.