കക്കയം വാലിയിൽ ഉരുൾപൊട്ടി; ഡാം സൈറ്റിലേക്കുള്ള ഗതാഗതം മുടങ്ങി

പേരാമ്പ്ര: കനത്ത മഴയിൽ കക്കയത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് കക്കയം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുളള ഗതാഗതം മുടങ്ങി. കക്കയം ടൗണിൽനിന്ന് ഡാം സൈറ്റിലേക്കുള്ള റൂട്ടിൽ എട്ടു കിലോമീറ്റർ അകലെ കക്കയം വാലിയിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലോടെ ഉരുൾപൊട്ടിയത്. ഡാം സൈറ്റ് റോഡിൽ മണ്ണും കല്ലും പതിച്ചതിനെ തുടർന്നാണ് ഗതാഗതം മുടങ്ങിയത്. ഈ സമയം ഡാം സൈറ്റിൽ ഉണ്ടായിരുന്ന വിനോദസഞ്ചാരികൾക്ക് 5.30നു ശേഷമാണ് തിരിച്ച് ഇറങ്ങാൻ സാധിച്ചത്. കൂരാച്ചുണ്ട് പൊലീസും പി.ഡബ്ല്യു.ഡി, കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് ഭാഗികമായി ഗതാഗത തടസ്സം നീക്കി. മണ്ണുമാന്തി യന്ത്രമുപയോഗിച്ചാണ് റോഡിലേക്ക് പതിച്ച മണ്ണും കല്ലും നീക്കംചെയ്യുന്നത്. റോഡ് പൂർണമായും ഗതാഗതയോഗ്യമാകാൻ ഇനിയും താമസമെടുക്കും. മഴ തുടരുന്നത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കത്തെ ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ച ഉച്ചമുതൽ കക്കയം ഭാഗത്ത് കനത്ത മഴ പെയ്തതാണ് ഉരുൾപൊട്ടലിന് കാരണമായത്. ഈ സമയം വാഹനങ്ങളൊന്നും റോഡിൽ ഇല്ലാതിരുന്നതുകൊണ്ട് വലിയ അപകടം ഒഴിവായി. മഴയെത്തുടർന്ന് കക്കയം ടൗണിനു സമീപം നിർമാണത്തിലിരിക്കുന്ന പവർ ഹൗസിലും വെള്ളം കയറി. ഉരുൾപൊട്ടലിൽ മരങ്ങൾക്കും നാശമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.