കാരശ്ശേരിയിലെ ഗ്യാസ് ശ്മശാനം
മുക്കം: നവീകരണ പ്രവൃത്തികളുടെ പേരിൽ നാളുകളായി അടച്ചിട്ട കാരശ്ശേരി പഞ്ചായത്തിലെ പൊതുശ്മശാനം തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. കാരശ്ശേരി പഞ്ചായത്തിൽ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് എം.ഐ. ഷാനവാസ് എം.പിയുടെ വികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ ചെലവഴിച്ചാണ് കാരശ്ശേരി ഓടത്തെരുവിൽ ഗ്യാസ് സെമിസ്ട്രി സ്ഥാപിച്ചത്.
മലയോരത്തെ വിവിധ പഞ്ചായത്തുകളിലെ ഉന്നതി നിവാസികൾ ഉൾപ്പെടെ പരിമിതമായ സ്ഥലത്ത് വീടുവെച്ച് താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള പ്രധാന ആശ്രയമായിരുന്നു ശ്മശാനം. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് തുക അനുവദിച്ച പദ്ധതി പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിലും നാളിതുവരെ ശ്മശാനം തുറന്ന് പ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടില്ല. ഗ്യാസ് ലഭ്യമാകുന്നില്ലെന്ന മുട്ടുന്യായമാണ് അധികൃതർ നിരത്തുന്നത്.
എന്നാൽ, ഒരു മൃതദേഹം സംസ്കരിക്കാനുള്ള ഗ്യാസ് നിലവിൽ സ്റ്റോക്കുണ്ട്. ഇതിനു പുറമെ ഇത്തരം കാര്യങ്ങൾക്ക് ഗ്യാസ് ലഭിക്കുന്നതിന് തടസ്സമുള്ളതായി ഗ്യാസ് ഏജൻസികൾ പറഞ്ഞതായി വിവരവുമില്ല. യാതൊരു ന്യായികരണവുമില്ലാതെയാണ് മാസങ്ങളായി ശ്മശാനം അടച്ചിട്ടിരിക്കുന്നത്. ശ്മശാനം അടച്ചതിനാൽ അടുത്ത കാലത്തായി പത്തോളം പേരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ ബന്ധുക്കൾക്ക് മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടു പേകേണ്ടി വന്നിട്ടുണ്ട്. ഇത് നിർധന കുടുംബങ്ങൾക്ക് കനത്ത ദുരിതമാണ് സമ്മാനിക്കുന്നത്. ഇത്തരത്തിൽ ജനങ്ങളെ ദുരിതത്തിലാക്കി ശ്മശാനം അനന്തമായി അടച്ചിടാൻ അനുവദിക്കില്ലെന്നും പ്രശ്നം ഉന്നയിച്ച് വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സമാൻ ചാലൂളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.