കീഴരിയൂർ ബോംബ് കേസ് ചരിത്ര പുസ്തകങ്ങളിൽ തെറ്റായി രേഖപ്പെടുത്തി ^എം.ആർ. രാഘവ വാര്യർ

കീഴരിയൂർ ബോംബ് കേസ് ചരിത്ര പുസ്തകങ്ങളിൽ തെറ്റായി രേഖപ്പെടുത്തി -എം.ആർ. രാഘവ വാര്യർ മേപ്പയൂർ: നാടി​െൻറ നാനാഭാഗങ്ങളിലും ഇന്ന് പൊട്ടിക്കൊണ്ടിരിക്കുന്ന ബോംബല്ല നാമറിയുന്ന കീഴരിയൂർ ബോംബെന്നും അത് നിർവഹിച്ചത് ശസ്ത്രക്രിയ ധർമമാണെന്നും പ്രശസ്ത ചരിത്രകാരൻ എം.ആർ. രാഘവ വാര്യർ. കീഴരിയൂർ പഞ്ചായത്ത് രൂപവത്കരണത്തി​െൻറ അമ്പതാം വാർഷികാഘോഷങ്ങളുടെ തുടക്കമായി സംസ്കൃതി കലാ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച 'കീഴരിയൂർ ഓർമകളിൽ ഇന്നോളം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ ഇന്നത്തെ ചരിത്ര പുസ്തകങ്ങളിൽ കീഴരിയൂർ ബോംബ് കേസിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുള്ളത് തെറ്റായിട്ടാണ്. ദേശീയ പ്രസ്ഥാന കാലത്ത് കീഴരിയൂർ ബോംബ് മനുഷ്യരെ കൊല്ലാനുള്ള വിനാശായുധം എന്ന നിലക്കല്ല പ്രയോഗിച്ചിരുന്നത്. ഗാന്ധിജിപോലും ഒരു ഘട്ടത്തിൽ നിന്ദ്യമായ കോളനി വാഴ്ചക്കെതിരെ നിങ്ങൾ ആയുധമെടുത്താലും ഞാൻ എതിരുനിൽക്കില്ല എന്ന് പറഞ്ഞിരുന്നു. അവിടെയാണ് കീഴരിയൂർ ബോംബ് എന്ന സമരായുധത്തി​െൻറ പ്രാധാന്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്കൃതി പ്രസിഡൻറ് ഇടത്തിൽ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഗോപാലൻ നായർ, കീഴരിയൂരിലെ മുൻ പ്രധാന അധ്യാപകരായ മാലത്തു ഗോവിന്ദൻ നായർ, ബി. ഉണ്ണികൃഷ്ണൻ, കീഴരിയൂരിലെ ആദ്യത്തെ ബിരുദധാരിയും മുബൈ ഷിപ്പിങ് കോർപറേഷനിലെ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച പനോട്ട് കുമാരൻ, സംസ്കൃതി സെക്രട്ടറി എ.എം. ദാമോദരൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. കുഞ്ഞിരാമൻ എന്നിവർ ഓർമകൾ പങ്കുവെച്ചു. മെറിറ്റിൽ എം.ബി.ബി.എസ് പ്രവേശനം ലഭിച്ച വി.കെ. ശ്യാമിലിക്ക് ഉപഹാരവും നൽകി. തുടർന്ന് കൊട്ടിയൂർ ഗോപിയുടെ ഗാനസന്ധ്യയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.