കോഴിക്കോട്: എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവനപദ്ധതി നഗരസഭയിൽ നവംബർ ഒന്നിന് തുടങ്ങും. കേന്ദ്ര-സംസ്ഥാന സർക്കാറുകളുെട വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടിട്ടും പൂർത്തീകരിക്കപ്പെടാത്ത ഭവനങ്ങളുടെ പൂർത്തീകരണം, ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിതർ എന്നീ വിഭാഗങ്ങളെയാണ് ലൈഫ് ഭവനപദ്ധതി ലക്ഷ്യംവെക്കുന്നത്. മൊത്തം 304 വീടുകളാണ് പൂർത്തിയാക്കാനുള്ളത്. കോഴിക്കോട് നഗരസഭ മുഖേന നടപ്പാക്കിയ വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ട ഭവനങ്ങളുടെ പൂർത്തീകരണമാണ് ആദ്യഘട്ടം. സർക്കാർ മാനദണ്ഡമനുസരിച്ചാണ് ഇത്തരം ഭവനങ്ങളുടെ പൂർത്തീകരണം. ഇന്ദിര ആവാസ് യോജന, ഇ.എം.എസ്, സുവർണജൂബിലി, അഗതി-ആശ്രയ, െഎ.എച്ച്.എസ്.ഡി.പി തുടങ്ങി നഗരസഭ നടപ്പാക്കിയ വിവിധ ഭവനപദ്ധതികളിലെ 300ഒാളം ഗുണഭോക്താക്കളാണ് ഉൾപ്പെടുന്നത്. ലൈഫ് പദ്ധതിയുടെ ഭൂരഹിത-ഭവനരഹിത ലിസ്റ്റുകൾ അന്തിമഘട്ടത്തിലാണ്. കലക്ടറുടെ അപ്പീൽ നടപടിക്കുശേഷം കൗൺസിൽ അംഗീകാരത്തോടെ നവംബർ മധ്യത്തോടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. കോർപറേഷനിലെ ലൈഫ് പദ്ധതി രാവിലെ 9.30ന് എടക്കാട് ഗണപതികാവ് ക്ഷേത്രത്തിനുസമീപമുള്ള കമ്മിളിപറമ്പിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലൈഫ് മിഷൻ ജില്ലചെയർമാൻ-കലക്ടർ യു.വി. ജോസ് മുഖ്യാതിഥിയാകും. പദ്ധതിക്കായി നഗരസഭയുടെ വാർഷികപദ്ധതിയിൽ 50 ലക്ഷം പ്രാഥമികമായി വകയിരുത്തിയിട്ടുണ്ട്. സന്നദ്ധസംഘടനകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹായവും നഗരസഭ തേടും. ഇതിനായി മേയർ ചെയർമാനും സെക്രട്ടറി കൺവീനറുമായി ഭവനനിധി എന്ന പേരിൽ പ്രത്യേക അക്കൗണ്ടിന് രൂപംകൊടുത്തിട്ടുണ്ട്. യുവജന സെമിനാർ കോഴിക്കോട്: ഡി.വൈ.എഫ്.െഎ ചെലവൂർ മേഖലകമ്മിറ്റി നേതൃത്വത്തിൽ യുവജന വിദ്യാർഥി സെമിനാർ സംഘടിപ്പിച്ചു. ജില്ലപ്രസിഡൻറ് എസ്.കെ. സജീഷ് ഉദ്ഘാടനം െചയ്തു. മേഖലപ്രസിഡൻറ് കെ.പി. ജഗന്നാഥൻ അധ്യക്ഷത വഹിച്ചു. ജില്ലകമ്മിറ്റി അംഗം മാസിൻ റഹ്മാൻ, മേഖല സെക്രട്ടറി രമേശ് ശങ്കർ എന്നിവർ സംസാരിച്ചു. സി.എം. ജംഷീർ സ്വാഗതവും സെമീർ ചെലവൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.