കൊടുവള്ളി: നഗരസഭയിലെ രണ്ട്, മൂന്ന്, 36 ഡിവിഷനുകളുടെ സംഗമകേന്ദ്രമായ വാവാട് പ്രദേശത്തെ ജനപ്രതിനിധികൾ അവഗണിക്കുന്നതായി ആക്ഷേപം. നഗരസഭയിലെ പ്രധാന പ്രദേശങ്ങളിലെല്ലാം പൊക്ക വിളക്കുകൾ സ്ഥാപിച്ചപ്പോൾ വാവാടിന് മാത്രം ഒന്നും കിട്ടിയില്ല. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് വിളക്ക് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ തൽക്കാലം നടക്കില്ലെന്നാണ് പറയുന്നത്. നേരത്തേ വാവാട് അനുവദിച്ച കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് നഷ്ടമായി. വാവാട് സെൻററിൽ നിലവിലുള്ള റിക്വസ്റ്റ് സ്റ്റോപ് സ്ഥിരം സ്റ്റോപ്പാക്കി മാറ്റിയെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. നഗരസഭയുടെ പ്രധാന കേന്ദ്രമായ വാവാട് പ്രദേശത്ത് ആരോഗ്യ ഉപകേന്ദ്രം അനുവദിക്കണമെന്ന ആവശ്യത്തിനും വർഷങ്ങളുടെ പഴക്കമുണ്ട്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പോസ്റ്റ് ഒാഫിസും ഏതു സമയവും സമീപ പ്രേദശത്തേക്ക് മാറ്റുമെന്ന സ്ഥിതിയിലാണുള്ളത്. വാവാട് അങ്ങാടിയിൽ അംഗൻവാടി, സാംസ്കാരിക നിലയം, ലൈബ്രറി എന്നിവയെല്ലാം സ്ഥാപിക്കണമെന്ന ഏറെക്കാലത്തെ ആവശ്യങ്ങളോടും ജനപ്രതിനിധികൾ പ്രതികരിച്ചിട്ടില്ല. അങ്ങാടിയിൽ ഓവുചാൽ നിർമിച്ച് വർഷകാലത്തെ മഴവെള്ളം പരന്നൊഴുകുന്നത് തടയാനും നടപടിയായിട്ടില്ല. വാവാട് അങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന പോർങ്ങോട്ടൂർ റോഡ്, പനക്കോട് റോഡുകളുടെ നവീകരണം, എരഞ്ഞോണ കടവിൽ പുതിയ പാലം നിർമാണം, പൂക്കാട് കടവിൽ തകർന്ന ചെക്ക്ഡാം നവീകരണം, വില്ലേജ് ഓഫിസ് നവീകരണം എന്നിവക്കും പദ്ധതികളൊന്നുമുണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.