കോഴിക്കോട്: വിദ്യാഭ്യാസരംഗത്ത് രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കാൻ പിണറായി സർക്കാറും വിദ്യാഭ്യാസമന്ത്രി രവീന്ദ്രനാഥും തയാറാവണമെന്ന് എം.എൻ. കാരശ്ശേരി ആവശ്യപ്പെട്ടു. കെ.കെ. അനീഷ് മാസ്റ്റർ സ്മാരകവേദി മുന്നിയൂർ എച്ച്.എസ്.എസ് കോഴിക്കോട്ട് സംഘടിപ്പിച്ച ജിഷ്ണു പ്രണോയി ഐക്യദാർഢ്യ നീതിജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ ഇന്നും പഴയ ജന്മി-കുടിയാൻ വ്യവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രധാന കൃഷിയോ അല്ലെങ്കിൽ വ്യാപാരമോ വ്യവസായമോ ആയി വിദ്യാഭ്യാസം മാറിക്കഴിഞ്ഞു. ഈ വ്യവസ്ഥയുടെ ഏറ്റവും പുതിയ ഇരകളാണ് കെ.കെ. അനീഷ് മാസ്റ്ററും ജിഷ്ണു പ്രണോയിയുമെല്ലാം. എൽ.ഡി.എഫ് മുമ്പ് സ്വാശ്രയകോളജിന് എതിരായിരുന്നു. എന്നാൽ, തിരുവനന്തപുരത്തെ ലോ അക്കാദമിയുടെയും പാമ്പാടി നെഹ്റു കോളജിെൻറയുമൊക്കെ പ്രശ്നം വന്നപ്പോഴാണ് ഇതിലെ കള്ളക്കള്ളി മനസ്സിലായത്. ഇത്തരം കാര്യങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരുപോലെയെന്ന് പറയുന്നവരെ അരാഷ്്ട്രീയവാദിയായി ചിത്രീകരിക്കുകയാണെന്നും അദഹം കൂട്ടിച്ചേർത്തു. ജിഷ്ണുപ്രണോയിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്മാരകവേദി നീതിജ്വാല കൊളുത്തി. കെ.കെ. അനീഷ് മാസ്റ്ററുടെ ഭാര്യക്ക് ജോലി നൽകുന്നതിനും കേസിൽ തുടരന്വേഷണം നടത്താനും പ്രതികൾക്കെതിരെ വകുപ്പുതല അന്വേഷണം നടത്താനും തയാറാവണമെന്നും സ്മാരകവേദി ആവശ്യപ്പെട്ടു. ഡോ.ആസാദ്, മാധ്യമപ്രവർത്തകൻ ഷഹീദ്, എൻ.കെ. അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.