വിളക്ക് കത്തുന്നില്ലെന്ന്​ കൗൺസിലർ: കൗൺസിലറോടുപറയണമെന്ന്​ കെ.എസ്​.ഇ.ബി

കോഴിക്കോട്: തെരുവുവിളക്കുകൾ കത്തുന്നില്ലെന്ന് വൈദ്യുതി ഒാഫിസിൽ പരാതിെപ്പട്ട കൗൺസിലർക്ക് കിട്ടിയത്, 'പോയി കൗൺസിലറോട് പറയൂ' എന്ന മറുപടി. മൂന്നാലിങ്ങലെ കൗൺസിലർ അഡ്വ. തോമസ് മാത്യുവാണ് ബീച്ചിലെ വിളക്കുകളിലൊന്ന് കത്താത്തതിനെപ്പറ്റി പറഞ്ഞപ്പോൾ തനിക്കുണ്ടായ അനുഭവം നഗരസഭകൗൺസിൽ യോഗത്തിൽ വിവരിച്ചത്. തെരുവുവിളക്കുകളുടെ ചുമതല വൈദ്യുതി ബോർഡിനല്ലേ എന്നു ചോദിച്ചപ്പോൾ, എല്ലാം നഗരസഭ ചെയ്യേണ്ടതാണെന്നും കൗൺസിലറോട് പരാതിപ്പെടണമെന്നും മറുപടി വന്നു. താൻ തന്നെയാണ് സ്ഥലം കൗൺസിലറെന്ന് വെളിപ്പെടുത്താതിരുന്ന അദ്ദേഹം ഇതുസംബന്ധിച്ച് മേയർക്കും കെ.എസ്.ഇ.ബി ചീഫ് എൻജിനീയർക്കും പരാതി നൽകി. പരാതി സ്വീകരിക്കാതെ വൈദ്യുതി ജീവനക്കാർ കോർപറേഷനെയും മറ്റും കുറ്റം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കൗൺസിലിൽ പരാതിയുയർന്നു. കെ.എസ്.ഇ.ബിയിൽ വിളിച്ചാൽ സ്ഥലം കൗൺസിലറോട് പരാതിപ്പെടൂ എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് യോഗത്തിൽ വിവിധ കൗൺസിലർമാർ ആരോപിച്ചു. വൈദ്യുതിബോർഡിന് വിളക്ക് കത്തിക്കാൻ ആവശ്യമായ സംവിധാനങ്ങൾ നഗരസഭ ചെയ്തിട്ടുണ്ട്. പരാതി രേഖപ്പെടുത്തുകയല്ലാതെ കാര്യമൊന്നുമറിയാത്ത ജീവനക്കാരൻ തെറ്റായ വിവരം നൽകിയാൽ കർശന നടപടി ഉണ്ടാകുമെന്നും ജനം പരാതി നൽകാൻ തയാറാവണമെന്നും മേയർ തോട്ടത്തിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.