മിഠായിതെരുവ്: കച്ചവടക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കണം -വ്യാപാരി സമിതി കോഴിക്കോട്: നവീകരിച്ച മിഠായിതെരുവിൽ വാഹന നിയന്ത്രണം ഏർപ്പെടുത്തിയതിനെത്തുടര്‍ന്ന് വ്യാപാരികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ല ഭാരവാഹികള്‍ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാഹന നിയന്ത്രണം ഏർപ്പെടുത്തിയത് സ്വാഗതാര്‍ഹമെങ്കിലും ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വ്യാപാരികളുടെ ബുദ്ധിമുട്ട് ഒരുപരിധിയോളം പരിഹരിക്കാനാകും. കോര്‍ട്ട് റോഡില്‍നിന്ന് രാധ തിയറ്ററിലേക്കും മൊയ്തീന്‍പള്ളി റോഡിൽ നിന്ന് ലാന്‍ഡ് മാര്‍ക്കിലേക്കും വാഹന ക്രോസിങ് സൗകര്യം വേണം. കോയന്‍കോ ബസാര്‍, ഗ്രാന്‍ഡ് ബസാര്‍ എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കാണ് ഏറെ പ്രയാസമുള്ളത്. ഇവിടേക്ക് ഒയിറ്റി റോഡ് വഴി ടൂ വേ ഗതാഗതം വേണം. വൻ വാടകയും നികുതിയും കറൻറ് ചാര്‍ജും നല്‍കി വ്യാപാരം നടത്തുന്നവരുടെ സ്ഥാപനത്തിനു മുന്നിൽ തെരുവുകച്ചവടം പൂര്‍ണമായി നിരോധിക്കണം. തെരുവുകച്ചവടക്കാര്‍ക്ക് നഗരത്തില്‍ മറ്റ്സ്ഥലം കണ്ടെത്തണം. പാഴ്സല്‍ സര്‍വിസുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയേ പ്രവര്‍ത്തിക്കൂ എന്നതിനാല്‍ മിഠായിതെരുവിലൂടെ ചരക്കുവാഹനം കടന്നുവരാന്‍ ഇതിനിടയിലുള്ള സമയം നിശ്ചയിക്കണം. എസ്.കെ പ്രതിമക്ക് മുന്നിലെ സത്രം ബില്‍ഡിങ് പൊളിച്ച് പാര്‍ക്കിങ് സൗകര്യമുണ്ടാക്കുന്നത് സ്വാഗതാര്‍ഹമെങ്കിലും കെട്ടിടത്തിലെ വ്യാപാരികളെ അണ്ടര്‍ ഗ്രൗണ്ടിലേക്ക് മാറ്റുന്നത് അംഗീകരിക്കാനാവില്ല. അണ്ടര്‍ ഗ്രൗണ്ടില്‍ ടൂവീലര്‍ പാര്‍ക്കിങ്ങാക്കി വ്യാപാരികളെ റോഡരികില്‍തന്നെ നിലനിർത്തുംവിധം ഡിസൈനില്‍ മാറ്റം വരുത്തണമെന്നും ആവശ്യം കോര്‍പറേഷന്‍ പരിഗണിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് സൂര്യ അബ്ദുൽ ഗഫൂര്‍, ജില്ല സെക്രട്ടറി സി.കെ. വിജയന്‍, സംസ്ഥാന കമ്മിറ്റി അംഗം സി.വി. ഇക്ബാല്‍, പി. പ്രദീപ്കുമാര്‍, അനില്‍കുമാര്‍, റിയാസ് നെരോത്ത് തുടങ്ങിയവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.