മകളുടെ കല്യാണം ഉറപ്പിച്ച് പോയി; തിരിച്ചുവന്നത് ജീവനില്ലാതെ

കോഴിക്കോട്: രണ്ടാമത്തെ മകൾ സോണിയുടെ കല്യാണം ജനുവരി എട്ടിന് നടത്താൻ നിശ്ചയിച്ച് ഒരുക്കങ്ങൾക്കുവേണ്ടിയാണ് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളിയായ സ്റ്റെല്ലസ് പതിവുപോലെ കടലിലേക്കു പോയത്. എന്നാൽ, വെള്ളിയാഴ്ച രാവിലെ വീട്ടിലേക്കെത്തിച്ചേരുന്നത് ജീവനില്ലാതെ, ദേഹമെന്നു പറയാൻ ഒരു ഉടൽഭാഗം മാത്രം ബാക്കിയാക്കി. 29ന് മൂന്നു വള്ളങ്ങൾ ഒരുമിച്ച് പോയെങ്കിലും ഇവർ സഞ്ചരിച്ച വള്ളം ഇന്ധനം തീർന്ന് കടലിൽ നങ്കൂരമിടുകയായിരുന്നു. ഇതിനിടയിലാണ് നാടിനെ നടുക്കിയ ഓഖി ദുരന്തം ആഞ്ഞടിച്ചത്. രക്ഷപ്പെടാൻ കിണഞ്ഞുപരിശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കരയിൽ പ്രാർഥനയും പ്രതീക്ഷയുമായി കഴിയുകയായിരുന്നു ഇവരുടെ കുടുംബവും ഗ്രാമവും മുഴുവൻ. സ്റ്റെല്ലസി​െൻറ വസ്ത്രത്തി​െൻറ കളറും അരയിൽ ചാവിെകട്ടിയ ചരടും ഉൾപ്പടെയുള്ള ചിത്രങ്ങൾ ‍ഫേസ്ബുക്കിലൂടെ കണ്ടാണ് മരിച്ചത് ഇയാൾതന്നെയെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ഇതിനിടയിൽ ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. മത്സ്യം തേടി കടലിൽ പോയയാൾ ജീവനറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലെ ഫ്രീസറിൽ ബന്ധുക്കളെ കാത്ത് കിടക്കുന്നുണ്ടെന്നറിഞ്ഞ അവർ വ്യാഴാഴ്ച വെളുപ്പിനുതന്നെ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. രാത്രി ഏഴരയോടെയാണ് ഇവിടെയെത്തിയത്. സ്റ്റെല്ലസി​െൻറ ബന്ധുക്കളിൽ പലരും മത്സ്യത്തൊഴിലാളികളാണ്. ഏക മകൻ സുനിൽ കരസേന ജീവനക്കാരനാണ്. ആർമിയിലെ ഫുട്ബാൾ താരം കൂടിയായ ഇയാൾ പിതാവി​െൻറ മൃതദേഹം തിരിച്ചറിഞ്ഞ വിവരത്തെത്തുടർന്ന് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അടിമലത്തുറയെന്ന മുക്കുവഗ്രാമത്തിൽ നിന്ന് 15 പേരെയാണ് കാണാതായത്. ഇവരെല്ലാം ക്രിസ്മസിനുമുമ്പ് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് നാട്ടുകാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.