ചരിത്രഭൂമി ചിലങ്ക കെട്ടു​േമ്പാൾ...

പനമരം: ബ്രിട്ടീഷ് മേൽക്കോയ്മയെയും അവരുടെ കടന്നാക്രമണങ്ങളെയും ചെറുത്തുനിന്ന ഒരു ജനതയുടെ പോരാട്ട വീര്യത്തി​െൻറ ഒാർമകളുമായാണ് പനമരം 38ാമത് ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥ്യമരുളുന്നത്. രാജഭരണ കാലെത്ത പടയോട്ടങ്ങൾക്കു സാക്ഷ്യം വഹിച്ച പനമരത്തി​െൻറ ചരിത്രം പലയിടങ്ങളിലും എഴുതപ്പെട്ടിട്ടുള്ളതാണ്. ഡിസംബർ എട്ടുവരെ കലയുടെ പൂരം പനമരത്തി​െൻറ മണ്ണിൽ അരങ്ങേറുമ്പോൾ അതിന് പ്രത്യേകതകളേറെയാണ്. കൗമാര പ്രതിഭകൾ ചരിത്രമുറങ്ങുന്ന മണ്ണിൽ ഒത്തുചേരുമ്പോൾ ആഘോഷത്തി​െൻറ പകലിരവുകളാകും സമ്മാനിക്കുക. ഗോത്ര സംസ്കൃതിയുടെ പിതൃഭൂമിയിൽ പ്രകൃതിരമണീയമായ കൊറ്റില്ലങ്ങളുടെയും വയലേലകളുടെയും സവിശേഷതകളാൽ സമ്പന്നായ പുഴകളുടെയും സംഗമ സ്ഥലമാണ് പനമരം. ടിപ്പു സുൽത്താ​െൻറയും വീരപഴശ്ശിയുെടയും തലക്കൽ ചന്തുവി​െൻറയും എടച്ചന കുങ്ക​െൻറയും യോഗിമൂല മാച്ച​െൻറയും ഐതിഹാസിക പോരാട്ടങ്ങൾ കോട്ടക്കുന്നിലെ ചരിത്രത്താളുകളിലുണ്ട്. പനമരത്തി​െൻറ ചരിത്രം പറയുമ്പോൾ ഈ വീരപുരുഷന്മാർ അതിൽ മുൻപന്തിയിലാണ്. പനമരത്തിനടുത്തെ പുഞ്ചവയലിൽ 14ാം നൂറ്റാണ്ടിൽ നിർമിച്ച കല്ലമ്പലങ്ങളോട് സാദൃശ്യമുള്ള കൽത്തൂണുകളും കിടങ്ങുകളും കോളിമരവും ചരിത്രശേഷിപ്പുകളായി കാണാനാകും. ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി വളരെയേറെ ബന്ധമുള്ള നാടാണ് പനമരം. വീരപഴശ്ശിയുടെ അനുയായികളായ തലക്കൽ ചന്തുവും എടച്ചേന കുങ്കനും അവരുടെയൊപ്പം കുറിച്യ പടയാളികളായ 175 പേരും 1802 ഒക്ടോബർ 11ന് രാത്രി ബ്രീട്ടീഷുകാരുടെ ബോംബെ കാലാൾപട നിയന്ത്രിച്ചിരുന്ന പനമരം കോട്ടക്കുന്നിലെ സൈനിക ഒൗട്ട്പോസ്റ്റ് പിടിച്ചെടുത്തിരുന്നു. പനമരത്ത് വെള്ളപ്പടക്കുനേരിട്ട തിരിച്ചടിയായാണ് ചരിത്രരേഖകളിൽ ഈ ആക്രമണം രേഖപ്പെടുത്തിയിട്ടുള്ളത്. പഴശ്ശിയുടെ ബ്രീട്ടീഷുകാരുമായുള്ള യുദ്ധങ്ങളിൽ പ്രധാനമായ ഒന്നായിരുന്നു ഈ വിജയം. ഈ സൈനിക നീക്കത്തിലാണ് മൈസൂരു രാജാവായിരുന്ന ടിപ്പുവി​െൻറ പങ്ക് വ്യക്തമാക്കുന്നത്. 112 തോക്കുകൾ, 6000 രൂപ, ആറു പെട്ടി വെടിമരുന്ന് തുടങ്ങിയവ അപഹരിക്കപ്പെടുകയും ചെയ്തു. ആക്രമണത്തിൽ ബോംബെ ഒന്നാം ബറ്റാലിയനിലെ നാലാം കാലാൾപ്പടയുടെ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്റ്റനൻറ് മാക്‌സ്‌വെല്ലും 25 പട്ടാളക്കാരോടൊപ്പം കൊല്ലപ്പെട്ടിരുന്നു. പട്ടാള ക്യാമ്പിൽനിന്നും െനല്ല് ശേഖരിക്കാൻ പോയ ഒരു ശിപായിയെ വെട്ടി കൊല്ലപ്പെടുത്തിയതി​െൻറ തുടർച്ചയായാണ് പനമരത്തെ സൈനിക കേന്ദ്രത്തിനു നേരെയുള്ള കടന്നാക്രമണമുണ്ടായതെന്നാണ് പറയപ്പെടുന്നത്. പിന്നീട്, തിരിച്ചടിച്ച ബ്രിട്ടീഷുകാർ നവംബർ 15-ന് തലക്കൽ ചന്തുവിനെ പിടികൂടി വധിച്ചു. സൈനിക േപാസ്റ്റിനു നേരെയുള്ള ആക്രമണത്തിൽ വിറങ്ങലിച്ചുപോയ വിദേശപട മൂന്നാഴ്ചകൾക്കുശേഷമാണ് കോഴിക്കോടുനിന്നും രണ്ടു ചാരന്മാരെ വിട്ട് വിവരങ്ങൾ ശേഖരിച്ചത്. നേരത്തെ സൈനിക താവളം നിന്നിടത്താണ് ഇപ്പോൾ പനമരം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. രക്തപങ്കിലായ ആ കാലഘട്ടത്തി​െൻറ ഒാർമകൾ ഉറങ്ങുന്ന കോട്ടക്കുന്നിലെ മണ്ണിൽ നടക്കുന്ന കാലാമാമാങ്കം അവിസ്മരണീയമാക്കാൻ പനമരത്തുകാർ ഒന്നടങ്കം രംഗത്തുണ്ട്. 1912ൽ എൽ.പി സ്കൂളായി തുടങ്ങിയ പനമരം സ്കൂൾ പിന്നീട് 1957, ജൂലൈ നാലിനാണ് ഹൈസ്കൂളായി ഉയർത്തുന്നത്. ശങ്കരൻകുട്ടി മേനോൻ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. പുഞ്ചവയൽ സി.എൻ. അപ്പു നായരാണ് സ്കൂളിനുള്ള സാമ്പത്തിക സഹായം നൽകുന്നതിന് തുടക്കമിട്ടത്. 1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയയുടെ ഇടപെടലുകളിലൂടെയാണ് സ്കൂളിനായി ആധുനിക രീതിയുള്ള കെട്ടിടം യഥാർഥ്യമാകുന്നത്. പിന്നീട്, ഹയർ സെക്കൻഡറിയും സ്കൂളി​െൻറ ഭാഗമായി. മാനന്തവാടി, ബാവലി, നൂൽപ്പുഴ എന്നിവക്കൊപ്പം കബനി നദിയുടെ ഒരു പോഷകനദിയായ പനമരം പുഴയും ഈ ഗ്രാമത്തിലൂടെയാണ് ഒഴുകുന്നത്. മലബാർ നാചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ വാർഷിക പക്ഷി സർവേ പ്രകാരം മലബാറിൽ എണ്ണത്തിലും ഇനത്തിലും മുട്ടയിട്ടുപെരുകാനുമെല്ലാം ഏറ്റവും കൂടുതൽ കൊക്കുകൾ എത്തിച്ചേരുന്നത് പനമരത്താണ്. കബനിയിൽ ഒരു ഉയർന്ന മൺതിട്ടയിൽ കേവലം ഒരു ചതുരശ്ര കി.മീറ്റർ മാത്രം വിസ്താരമുള്ള ഒരു പ്രദേശമാണ് കൊക്കുകൾ എത്തുന്ന ഇടം. ഇവിടം സംരക്ഷിക്കാൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. വ്യാപകമായ മണൽഖനനവും മുളങ്കൂട്ടങ്ങളുടെ നാശവും ഈ കൊക്കുസങ്കേതത്തെ നാശത്തി​െൻറ വക്കിൽ എത്തിച്ചിരിക്കുകയാണിപ്പോൾ. പല വിദേശ പക്ഷികളും മുട്ടയിടാൻ ഇവിടെ എത്തിച്ചേരുന്നുണ്ട്. 62 വർഷത്തിനിടയിൽ ആദ്യമായാണ് കാലിമുണ്ടി കേരളത്തിൽ മുട്ടയിടുന്നത് പനമരത്ത് നിരീക്ഷിച്ചത്. 2010-ൽ ആയിരുന്നു ഇത്. കൂടാതെ, ചിന്നമുണ്ടി, കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറുമുണ്ടി, ചായമുണ്ടി, കഷണ്ടിക്കൊക്ക് എന്നിവയെയെല്ലാം ഇവിടെ കണ്ടിട്ടുണ്ട്. ടി. ഖാലിദ് WDLKhalid4 സ്കൂളിനു പിന്നിലെ കിടങ്ങ് WDLKhalid3 സൈനിക ഔട്ട്പോസ്റ്റിനു കാവൽനിന്ന സ്ഥലം WDLKhalid2 കൽത്തൂണുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ WDLKhalid1 പനമരം സ്കൂൾ പരിസരത്തെ കോളി മരം ---------------------- ഭാഷ സംഗമ വേദി പനമരം: വ്യത്യസ്ത ഭാഷകളും മതങ്ങളും സംസ്കാരവുമാണ് ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തുന്നത്. വ്യത്യസ്തകൾക്കിടയിലും രാജ്യത്തിനു കീഴിൽ എല്ലാവരും ഒന്നാകുന്നു. അത്തരത്തിൽ ഒരോ ഭാഷക്കും അതിേൻറതായ പ്രധാന്യവും പ്രത്യേകതകളും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തവണ ജില്ല കലോത്സവത്തിലെ വേദികൾക്ക് നൽകിയിരിക്കുന്ന പേരുകൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, അറബിക്, ഉർദു എന്നി ഭാഷകളിൽനിന്നുള്ള പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്. ഇതിനൊപ്പം പനമരം ചരിത്രത്തി​െൻറ ഭാഗമായ തലക്കൽ ചന്തുവി​െൻറ പേരും വേദിക്ക് നൽകിയിട്ടുണ്ട്. വേദി ഒന്ന് കബനി (മലയാളം), വേദി രണ്ട് സുഹാനി (ഹിന്ദി), വേദി മൂന്ന് തലക്കൽ ചന്തു, വേദി നാല് ഇഫോറിയ (ഇംഗ്ലീഷ്), വേദി അഞ്ച് വർദ (അറബിക്), വേദി ആറ് നന്തുണി (മലയാളം), വേദി ഏഴ് തരാന (ഉറുദു), വേദി എട്ട് കാവ്യഭാരതി (സംസ്കൃതം) എന്നിങ്ങനെയാണ് പേരുകൾ. പനമരം സ്കൂളിലെ പത്താം ക്ലാസ്, പ്ലസ്ടു വിദ്യാർഥികളായ എഡ്വിൻ ജോസ്, കെ.ടി. ഷെറിൻ ഷഹാന, ടി.എം. വിസ്മയ, നന്ദിത മനോജ് എന്നിവരും കല്ലോടി സ​െൻറ് ജോസഫ് ഹൈസ്കൂളിെല സി.എച്ച്. അഷ്മിലയും ചേർന്നാണ് പേരുകൾ നിർദേശിച്ചത്. ക്ലിൻറ്, സരോവരം, ഹിലാൽ, സിത്താർ, വൈഖരി തുടങ്ങിയ പേരുകളായിരുന്നു രചനമത്സരങ്ങൾ നടന്ന വേദികൾക്ക് നൽകിയിരുന്നത്. ------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.