വേളം: ശാന്തിനഗറിൽ എം.ഡി.എൽ.പി സ്കൂളിനു സമീപം റോഡിൽ കൂട്ടിയിട്ട വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ മാറ്റാത്തത് വാഹനയാത്രക്കാർക്കും വിദ്യാർഥികൾക്കും ഭീഷണിയായി. വടകരക്കും വേളത്തും വെള്ളം നൽകുന്ന പദ്ധതിയുടെ കൂറ്റൻ പൈപ്പുകളണ് വർഷങ്ങളായി റോഡുവക്കിൽ കിടക്കുന്നത്. ചോർച്ച കാരണം പഴയ കാസ്റ്റ് അയേൺ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിച്ചപ്പോൾ പഴയ പൈപ്പുകൾ റോഡുവക്കിലിട്ട് കരാറുകാർ സ്ഥലം വിടുകയാണുണ്ടായത്. ഉദ്യോഗസ്ഥർ അതിന് നടപടിയെടുത്തില്ലെന്നും നാട്ടുകാർ പറഞ്ഞു. പൊതുവെ വീതികുറഞ്ഞ റോഡിൽ പൈപ്പുകൾ കൂടിയായതോടെ വാഹനങ്ങൾ ഇവിടെ കുരുങ്ങിപ്പോകുന്നു. ഇതിനിടയിലൂടെയാണ് വിദ്യർഥികൾ ഉൾപ്പെടെ കടന്നുപോകേണ്ടത്. പൈപ്പ് മാറ്റൽ പ്രവൃത്തി കാരണം തകർന്ന റോഡ് പിന്നീട് നാട്ടുകാരുടെ ചെലവിലാണ് നന്നാക്കിയത്. പ്രവൃത്തി തുടങ്ങുംമുമ്പ് നാട്ടുകാർ എതിർപ്പുമായി വന്നപ്പോൾ റോഡ് പഴയപടിയാക്കുമെന്ന് ഉറപ്പുനൽകിയതാണ്. എന്നാൽ, പൈപ്പിന് കുഴിയെടുത്ത ഭാഗം ശരിക്ക് നികത്താതെ മേൽഭാഗം കോൺക്രീറ്റ് ചെയ്തു. ഒറ്റമഴക്കുതന്നെ താഴ്ന്ന് കിടങ്ങുപോലെയായി. പിന്നീട് നാട്ടുകാർ പാറ മാലിന്യമിട്ട് നേരെയാക്കുകയാണുണ്ടായത്. കൂടാതെ പൈപ്പ്ലൈനായ കൂരങ്കോട്ട്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് നാമാവശേഷമായിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ റോഡായതിനാൽ പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ല. കാൽനൂറ്റാണ്ടായി നന്നാക്കാത്ത റോഡ് തകർന്നുതീരുകയാണ്. കഴിഞ്ഞവർഷം ഇതിലെ വൈദ്യുതി കേബിളിനു കുഴിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് പാറക്കൽ അബ്ദുല്ല എം.എൽ.എ ഉറപ്പുനൽകിയിട്ടാണ് നാട്ടുകാർ പണിക്ക് സമ്മതിച്ചത്. എന്നിട്ടും ചില്ലിക്കാശും ഇതുവരെ റോഡിന് വകയിരുത്തിയിട്ടില്ല. foto : KTd 1 വേളം ശാന്തിനഗറിൽ എം.ഡി.എൽ.പി സ്കൂളിനു സമീപം കൂട്ടിയിട്ട പൈപ്പുകൾക്കിടയിലൂടെ പോകുന്ന കുട്ടികൾ പിഴയീടാക്കിക്കോളൂ... മാനദണ്ഡം പാലിക്കില്ല നാദാപുരം: ആരോഗ്യ, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നാദാപുരത്ത് ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും നടപടി കർശനമാക്കിയിട്ടും സ്ഥാപനങ്ങളുടെ മാനദണ്ഡ ലംഘനങ്ങൾ തുടരുന്നതായി പരാതി. പഞ്ചായത്തിെൻറ ലൈസൻസില്ലാതെ അറവുശാലകൾ പ്രവർത്തിപ്പിക്കുന്നതും മാംസവിൽപനയും നിർത്താൻ അധികൃതരുടെ നടപടി ഫലം ചെയ്തില്ല. ഒരു മാനദണ്ഡവും പാലിക്കാതെ നടത്തുന്ന അറവുകേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ദിവസങ്ങൾക്കു മുമ്പ് അധികൃതർ നൽകിയ മുന്നറിയിപ്പ് നോട്ടീസ് വെറുതെയായി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന അനധികൃത പാർപ്പിട കേന്ദ്രങ്ങൾക്കെതിരെയും നടപടി പരിശോധനയിൽ മാത്രമൊതുങ്ങുകയാണ്. ഇതിനിടയിൽ നാദാപുരം, കല്ലാച്ചി ടൗണുകളിലെ മിക്ക കടകളിൽനിന്നും മാലിന്യം ഓടകളിൽ ഒഴുക്കൽ തുടരുകയാണെന്ന് വ്യാപക പരാതിയുമുണ്ട്. എന്നാൽ, ഇതിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. മഴക്കു തൊട്ടുമുമ്പ് നടത്തിയ ഓവുചാൽ വൃത്തിയാക്കൽ ഇതോടെ വെറുതെയായി. സ്ഥാപനങ്ങളിൽനിന്ന് ഓടകളിക്കേ് രഹസ്യമായി സ്ഥാപിച്ച മാലിന്യക്കുഴൽ എടുത്തുമാറ്റുമെന്ന പഞ്ചായത്ത് പ്രസിഡൻറിെൻറ ഉറപ്പും നടപ്പിലായില്ല. ഓടകളിൽ കലരുന്ന മല മൂത്രം ഉൾപ്പെടെയുള്ള മാലിന്യം മഴക്കാലത്ത് ശുദ്ധജല സ്രോതസ്സുകളിലാണ് ഒഴുകിയെത്തുന്നത്. പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇത് കാരണമാകുമെന്ന് ആരോഗ്യവകുപ്പധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.