അ​ബ്ദു​ൽ

ജ​ബ്ബാ​ർ

ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ഭർത്താവ് പിടിയിൽ

ഫറോക്ക്: ഭാര്യയെ വെട്ടിപ്പരിക്കേൽപിച്ച ഭര്‍ത്താവ് പൊലീസ് പിടിയിൽ. ഫാറൂഖ് കോളജ് പാണ്ടികശാല റോഡില്‍ മക്കാട്ട് കമ്പിളിപ്പുറത്ത് വീട്ടില്‍ മുനീറക്കാണ് (32) വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ മുനീറ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ഭർത്താവ് മക്കാട്ട് കമ്പിളിപുറത്ത് അബ്ദുല്‍ ജബ്ബാറിനെ (40) ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയായിരുന്നെന്ന് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു.

പാണ്ടികശാല റോഡിൽ മക്കാട്ട് കമ്പിളിപ്പുറത്ത് ഭർത്താവിന്റെ തറവാട്ട് വീട്ടിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. അബ്ദുൽ ജബ്ബാർ ഭാര്യയോട് പണം ചോദിക്കുകയും തുടർന്ന് വഴക്കിടുക പതിവാണെന്നും ബന്ധുക്കൾ പറഞ്ഞു. പരുത്തിപ്പാറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായ യുവതി ജോലിയെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ടാണ് കുടുംബം കഴിയുന്നത്.

ഇന്നലെയും യുവതിയോട് പണം ആവശ്യപ്പെട്ട് തർക്കത്തിൽ ഏർപ്പെടുകയും പണമില്ലെന്നറിഞ്ഞതോടെ മുറി അടച്ചിട്ട ശേഷം കൈയിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് മുനീറയെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴുത്തിനും ചെവിക്കും തലക്കു പിന്നിലും പുറത്തുമായി നാലുഭാഗത്ത് വെട്ടേറ്റിട്ടുണ്ട്. മുനീറയുടെ വീട്ടിലുണ്ടായിരുന്ന രണ്ടു കുട്ടികളും ഭര്‍തൃമാതാവും നിലവിളിക്കുന്നതു കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വീട്ടിലെത്തി മുറി തുറന്ന് മുനീറയെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

Tags:    
News Summary - Husband arrested for allegedly beating his wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.