1. തോട്ടിൽനിന്ന് കോരിയെടുത്ത ചത്തുപൊങ്ങിയ മത്സ്യങ്ങൾ 2. ഇരുമ്പോട്ടുപൊയിൽ കിഴക്കയിൽ ഭാഗം മുതൽ ഇരുമ്പോത്തിങ്കൽ കുനിയിൽ താഴെ ഭാഗം വരെയുള്ള തോട്ടിലെ ചത്ത മത്സ്യങ്ങൾ വാർഡ് മെംബർ ലതിക കൈതേരിപ്പൊയിലിന്‍റെ നേതൃത്വത്തിൽ നീക്കം ചെയ്യുന്നു
എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ മഠത്തിൽ താഴം, കാരാട്ട് താഴം, എസ്റ്റേറ്റ്മുക്ക് വഴി പൂനൂർ പുഴയിലെത്തിച്ചേരുന്ന തോട്ടിലേക്ക് സാമൂഹിക വിരുദ്ധർ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് ചെറിയ പറമ്പത്ത് കിഴക്കയിൽ തോട്ടിലെയും ചെറുതും വലുതുമായ മുഴുവൻ മീനുകളും മറ്റു ജലജീവികളും ചത്ത നിലയിൽ കണ്ടെത്തി.
തോട്ടിൽ രാസമാലിന്യം കലർന്നതിനാൽ ചത്തൊടുങ്ങിയ മത്സ്യങ്ങളിൽനിന്ന് ദുർഗന്ധം വമിക്കുന്നതോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
ഇരുമ്പോട്ടുപൊയിൽ 12ാം വാർഡിലെ കിഴക്കയിൽ ഭാഗം മുതൽ ഇരുമ്പോത്തിങ്കൽ കുനിയിൽ താഴെ ഭാഗം വരെയുള്ള തോട്ടിലെ ചത്തുകിടക്കുന്ന മത്സ്യങ്ങൾ വാർഡ് മെംബർ ലതിക കൈതേരിപ്പൊയിലിന്‍റെ നേതൃത്വത്തിൽ തോട്ടിൽനിന്നും പുറത്തെടുത്ത് സംസ്കരിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളിലും കിണറുകളിലും മാലിന്യം കലർന്നിട്ടുണ്ടോ എന്ന ആശങ്കയിലാണ് ജനങ്ങൾ.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രദേശത്തെ തോടുകളിൽ രാസമാലിന്യമൊഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്, എട്ട്, ഒമ്പത്, പന്ത്രണ്ട് വാർഡുകളിലൂടെ കടന്നുപോകുന്ന തോട്ടിലെല്ലാം രാസമാലിന്യം ഒഴുകിയെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.