സംരക്ഷണമൊരുക്കി വനിത എയ്ഞ്ചൽസ് കോട്ടക്കൽ: അർധരാത്രി വീട്ടിൽ കയറിവന്ന സഹോദരൻ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചു, കല്ലുകൊണ്ട് മുഖത്ത് കുത്തിപ്പരിക്കേൽപ്പിച്ചു, കൈവശമുണ്ടായിരുന്ന പണവും മറ്റും കവർന്നു... തുടർവാക്കുകൾ കിട്ടാതെ കോട്ടക്കൽ കോട്ടൂരിലെ ആനപ്പടിയേക്കൽ കുഞ്ഞിക്കദിയ (62) വിതുമ്പി. സഹോദരൻ അലവിയുടെ ക്രൂര മർദനത്തിനിരയായ ഇവരുടെ മനസ്സിൽനിന്ന് ഇനിയും ഭീതിയകന്നിട്ടില്ല. പാരമ്പര്യ സ്വത്ത്വിഹിതം കിട്ടാനായി കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ഇതോടെ വീടുവിട്ടിറങ്ങിയ വയോധിക അഭയം തേടിയത് കടവരാന്തയിലായിരുന്നു. പിറ്റേ ദിവസമാണ് സംഭവം നാട്ടുകാർ അറിയുന്നത്. തുടർന്ന്, കൗൺസിലർ ലൈല റഷീദ് ഇവരെ മറ്റൊരു സഹോദരിയുടെ വീട്ടിലെത്തിച്ചു. എന്നാൽ, സഹോദരെൻറ ശല്യമുണ്ടാകുമെന്നറിഞ്ഞതോടെ കദിയ മുൻ കൗൺസിലറും വനിത എയ്ഞ്ചൽസ് ക്ലബ് സെക്രട്ടറിയുമായ ടി.വി. മുംതാസിെൻറ സഹായം തേടി. കണ്ണൂരിൽ സി.ഡി.എസ് സൂപ്പർവൈസറായി ജോലി ചെയ്യുന്ന മുംതാസ് ഇവരുടെ സംരക്ഷണമേറ്റെടുത്തു. തുടർന്ന്, ഞായറാഴ്ച കോട്ടക്കൽ സ്റ്റേഷനിലെത്തിക്കുകയും എസ്.ഐ അജിത് പ്രസാദിന് പരാതി നൽകുകയും ചെയ്തു. അവശയായ കുഞ്ഞിക്കദിയയെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം മുംതാസിെൻറയും കൗൺസിലർ ലൈലയുടെയും ഭർത്താവ് റഷീദ് വേളക്കാടെൻറയും നേതൃത്വത്തിൽ തിരൂരിലെ സ്നേഹാലയത്തിലേക്ക് മാറ്റി. കുഞ്ഞിക്കദിയക്ക് മൂന്ന് സഹോദരങ്ങളാണുള്ളത്. മാതാവിെൻറ പേരിലുള്ള ഇടിഞ്ഞുവീഴാറായ വീട്ടിൽ വർഷങ്ങളായി ഏകയായാണ് ഇവരുടെ ജീവിതം. സ്വത്ത് വീതം വെച്ചെങ്കിലും കദിയ താമസിക്കുന്ന സ്ഥലം വിട്ടുകിട്ടാനായി സഹോദരെൻറ ഉപദ്രവം പതിവായിരുന്നത്രെ. തുടർന്ന്, ജനമൈത്രി പൊലീസിെൻറ ഇടപെടലിൽ ഇവർക്ക് വീട് നിർമിച്ചുനൽകാൻ തീരുമാനിച്ചു. സഹോദരൻ ഇതിന് സമ്മതിക്കുകയും ചെയ്തിരുന്നത്രെ. കഴിഞ്ഞ ദിവസം ഭൂമി അളക്കുന്നതിെൻറ ഭാഗമായി കുറ്റിക്കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് രാത്രി ആക്രമണമുണ്ടായത്. പടം / കുഞ്ഞിക്കദിയ കോട്ടക്കൽ സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.