കുന്ദമംഗലം: സമ്പൂർണ വൈദ്യുതീകരണം പദ്ധതിയിൽ കുന്ദമംഗലം നിയോജക മണ്ഡലത്തിൽ 933 കുടുംബങ്ങൾക്കും 21 അംഗൻവാടികൾക്കും വൈദ്യുതി കണക്ഷൻ നൽകിയതായി പി.ടി.എ. റഹീം എം.എൽ.എ അറിയിച്ചു. ഇതിനായി 17.5 കി.മീ. ദൂരത്തിൽ ലൈൻ വലിച്ചിട്ടുണ്ട്. ഇതുവരെ ലഭിച്ച അപേക്ഷകളിൽ 98 ശതമാനത്തിനും കണക്ഷൻ ലഭിച്ചു. വയറിങ് ചെയ്യാൻ സാമ്പത്തികശേഷിയില്ലാത്ത 49 കുടുംബങ്ങൾക്ക് കെ.എസ്.ഇ.ബി നേരിട്ടും സ്പോൺസർമാർ മുഖേനയും വയറിങ് പൂർത്തീകരിച്ചാണ് കണക്ഷൻ നൽകിയത്. പദ്ധതി പൂർത്തീകരണത്തിന് എസ്റ്റിമേറ്റ് പ്രകാരം ആവശ്യമായ 1.6 കോടി രൂപയിൽ 80 ലക്ഷം രൂപ എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽനിന്നും ബാക്കി തുക സർക്കാറിൽനിന്നുള്ള വിഹിതവുമായാണ് കണ്ടെത്തിയത്. അപേക്ഷ നൽകിയവരിൽ ബാക്കിയുള്ള 40 കുടുംബങ്ങൾക്ക് വിഷുവിനുമുമ്പ് കണക്ഷൻ നൽകുന്നതിനും ഇതുസംബന്ധമായി ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രമ്യ ഹരിദാസ് അധ്യക്ഷത വഹിച്ചു. സമയബന്ധിതമായി പ്രവൃത്തി പൂർത്തീകരിച്ച കരാറുകാർക്കുള്ള ഉപഹാരം എം.എൽ.എ വിതരണം ചെയ്തു. കെ.എസ്.ഇ.ബി അസി. എക്സി. എൻജിനീയർ കെ. സന്തോഷ് സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.