മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: മലാപ്പറമ്പ് ഭാഗത്ത് മണ്ണ് നീക്കിത്തുടങ്ങി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന്‍െറ ഭാഗമായി സര്‍ക്കാര്‍ ഏറ്റെടുത്ത മലാപ്പറമ്പിലെ സ്ഥലത്തെ മണ്ണ് നീക്കിത്തുടങ്ങി. ക്രിസ്തുരാജ യു.പി സ്കൂള്‍ മുതല്‍ മലാപ്പറമ്പ് ജങ്ഷന്‍വരെയുള്ള, നേരത്തേ അനുവദിച്ചിരുന്ന 60 കോടി ചെലവിട്ട് ഏറ്റെടുത്ത സ്ഥലത്ത് ഉള്‍പ്പെട്ട ഭാഗത്തെ മണ്ണാണ് നീക്കംചെയ്യുന്നത്. ഇതിന് പുറമെ മറുഭാഗത്തെയും സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ഒരാഴ്ചയോളം മണ്ണ് നീക്കുന്ന പ്രവൃത്തി തുടരും. പ്രസ്തുത റോഡില്‍ ഗതാഗത ക്കുരുക്ക് രൂക്ഷമായ ഭാഗത്താണ് ഇപ്പോള്‍ മണ്ണെടുക്കുന്നത്. ഇവിടത്തെ മരം നേരത്തേതന്നെ മുറിച്ചുമാറ്റിയിരുന്നു. ക്രൈസ്റ്റ് നഗര്‍ ഭാഗത്തെ ഏറ്റെടുത്ത സ്ഥലത്തെ മണ്ണ് നീക്കംചെയ്തുകഴിയുന്നതോടെ കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ക്ക് സുഗമമായി മലാപ്പറമ്പ് ജങ്ഷനില്‍നിന്ന് തിരിഞ്ഞുപോകാനാകും. എന്നാല്‍, ഇതിന് വഴിയിലെ വൈദ്യുതി പോസ്റ്റുകളും മറ്റും മാറ്റിസ്ഥാപിക്കണം. ഇതോടൊപ്പം പാറോപ്പടി വളവിലെ ഏറ്റെടുത്ത സ്ഥലങ്ങളിലും പ്രവൃത്തി നടക്കുന്നുണ്ട്. മണ്ണെടുത്തുകഴിഞ്ഞാലും റോഡിന് വീതികൂട്ടുന്ന പ്രവൃത്തി വേഗത്തില്‍ തുടങ്ങിയാലേ മലാപ്പറമ്പ് ഭാഗത്തെ ട്രാഫിക് കൂടുതല്‍ സുഗമമാകൂ. ജങ്ഷന്‍െറ മറുഭാഗത്ത് നാളുകള്‍ക്കുമുമ്പുതന്നെ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഗതാഗതത്തിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ഇതിനാല്‍ വെള്ളിമാട്കുന്ന് ഭാഗത്തുനിന്ന് വരുമ്പോള്‍ തൊണ്ടയാട് ഭാഗത്തേക്ക് ഇപ്പോഴും ഫ്രീ ലെഫ്റ്റ് ആയിട്ടില്ല. സിവില്‍ സ്റ്റേഷന്‍, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ്, ലോ കോളജ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ സര്‍ക്കാറിന്‍െറ സ്ഥലങ്ങളും റോഡ് വികസനത്തിനായി അടിയന്തരമായി ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് ബാക്കിയുള്ള സ്ഥലം മതില്‍കെട്ടി സംരക്ഷിക്കാനുള്ള നാലു കോടി ഉപയോഗിക്കാനാകാതെ തിരിച്ചയച്ചിരുന്നു. പണി നടക്കുന്ന മുറക്കാണ് ഇനി ഈ തുക ലഭ്യമാകുക. ഇതിനുള്ള നടപടിയും പുരോഗമിക്കുകയാണ്. ഇതിന് പുറമെ സ്ഥലമേറ്റെടുക്കുന്നതിനുള്ള 20ഓളം അപേക്ഷകള്‍ ഇപ്പോഴും അധികൃതരുടെ കൈവശമുണ്ട്. പണം ലഭിച്ചാല്‍ മാത്രമേ അപേക്ഷ പരിഗണിക്കാനാകൂ. കിഫ്ബി പദ്ധതിയില്‍ പണം ലഭ്യമാക്കി അപകടസാധ്യത കൂടുതലുള്ള കിഴക്കെ നടക്കാവ്, മലാപ്പറമ്പ്, പാറോപ്പടി തുടങ്ങിയ സ്ഥലങ്ങളില്‍ വേഗത്തില്‍ വികസനപ്രവൃത്തി ആരംഭിച്ചാലേ ഈ വഴിയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.