അഴിമതിക്ക് അവസരമൊരുക്കിയത് ഭരണപക്ഷത്തിന്‍െറ വീഴ്ചയെന്ന് വിമര്‍ശം

വടകര: കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭാ മുനിസിപ്പല്‍ എന്‍ജീനീയര്‍ ശ്രീകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യാനിടയായ സംഭവം ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചക്കിടയാക്കി. പ്രതിപക്ഷത്തുനിന്ന് കൗണ്‍സിലര്‍ ടി. കേളുവാണിതിന് തുടക്കമിട്ടത്. 1.6 ലക്ഷം രൂപ പാലോളിപ്പാലത്ത് കെട്ടിടനിര്‍മാണ ലൈസന്‍സ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ സംഭവം ചെറുതായി കണ്ടുകൂടാ. എന്‍ജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ക്കെതിരെ ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാരില്‍നിന്ന് നേരത്തേതന്നെ വിമര്‍ശം ഉയര്‍ന്നതാണ്. അവധിദിവസങ്ങളില്‍ അനധികൃത നിര്‍മാണത്തിന് ഒത്താശചെയ്യുന്നതിനായി ഉദ്യോഗസ്ഥര്‍ ജോലിചെയ്യുന്നതായുള്ള ആക്ഷേപം ഭരണപക്ഷാംഗം ഇ. അരവിന്ദാക്ഷന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഇതേകുറിച്ച് ചെയര്‍മാന്‍ വേണ്ടത്ര ഗൗരവം കാണിച്ചില്ളെന്നും കേളു ആരോപിച്ചു. ജനപ്രതിനിധിയെന്ന നിലയില്‍ അപമാനിക്കപ്പെട്ട അവസ്ഥയിലാണിപ്പോഴുള്ളതെന്ന് കൗണ്‍സിലര്‍ ടി.ഐ. നാസര്‍ പറഞ്ഞു. നഗരസഭക്കുതന്നെ അപമാനമായ ബി.ഒ.ടി കെട്ടിടത്തിന്‍െറ കാര്യത്തില്‍ അഴിമതി നടന്നത് കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് ചൂണ്ടിക്കാണിച്ചപ്പോള്‍ സ്വീകരിച്ച സമീപനമാണ് വലിയ വീഴ്ചകളിലേക്ക് നയിച്ചത്. ബി.ഒ.ടി കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെട്ടെങ്കിലും കെട്ടിടത്തിലെ ഒരുമുറിപോലുമിപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. അഴിമതിക്ക് കൂട്ടുനിന്നതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് ചെയര്‍മാന്‍ രാജിവെക്കണമെന്നും നാസര്‍ ആവശ്യപ്പെട്ടു. വസ്തുതാപരമായി കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിക്കുകയാണ് നാസര്‍ ചെയ്യുന്നതെന്ന് ഇ. അരവിന്ദാക്ഷന്‍ അഭിപ്രായപ്പെട്ടു. കെട്ടിടം തുറന്നുകൊടുത്തില്ളെങ്കിലും നഗരസഭക്ക് ലഭിക്കേണ്ട 15 ലക്ഷം രൂപയിപ്പോള്‍ ലഭിക്കുന്നുണ്ട്. 25 വര്‍ഷം കെട്ടിടത്തിന്‍െറ ചുമതല കരാറുകാര്‍ക്കാണ്. ഇവിടെ, അഴിമതിക്കാരനായ ജീവനക്കാരനെ പിടികൂടിയത് പുതിയ സര്‍ക്കാര്‍ നയത്തിന്‍െറ ഭാഗമാണെന്നും അരവിന്ദാക്ഷന്‍ പറഞ്ഞു. കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരന്‍ അറസ്റ്റിലായ വിഷയത്തില്‍ ഭരണപക്ഷം വിറളിപൂണ്ടിരിക്കുകയാണെന്ന് കൗണ്‍സിലര്‍ കെ.കെ. രാജീവന്‍ പറഞ്ഞു. പ്ളാന്‍ വരക്കുന്നവരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി അവസാനിക്കണമെന്നും രാജീവന്‍ പറഞ്ഞു. ജീവനക്കാരന്‍െറ അറസ്റ്റിനെക്കുറിച്ച് ഒരു നഗരസഭാ ജീവനക്കാരന്‍ ‘ഇതിലും വലിയ താപ്പാനകള്‍ ഇവിടെയുണ്ടെന്നും പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിക്കപ്പെടുമെന്നു’മുള്ള സന്ദേശം വാട്സ്ആപ്പിലൂടെ പ്രചരിപ്പിക്കുകയാണെന്നും കൗണ്‍സിലര്‍ എന്‍.പി.എം. നഫ്സല്‍ ആരോപിച്ചു. ഒരു വ്യക്തികൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതെന്നും ഇവിടെ, 250 രൂപ മുതല്‍ ചോദിച്ചുവാങ്ങുന്ന ജീവനക്കാരുണ്ടെന്നും കൗണ്‍സിലര്‍ എം.പി. ഗംഗാധരന്‍ പറഞ്ഞു. കേസിന്‍െറ വിശദാംശങ്ങള്‍ അറിവില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്ന് ചെയര്‍മാന്‍ കെ. ശ്രീധരന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.