ചക്കിട്ടപാറ ഖനന നീക്കം: വ്യാപക പ്രതിഷേധം

പേരാമ്പ്ര: ചക്കിട്ടപാറ വില്ളേജിലെ ആലംപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ ശ്രമിക്കുന്ന എം.എസ്.പി.എല്‍ കമ്പനിയില്‍ ഓഹരിയെടുത്ത് ഒരു കേരള കമ്പനിയും ലാഭം കൊയ്യാനൊരുങ്ങുന്നു. ആലംപാറ ഖനനത്തിനുവേണ്ടി ഇവര്‍ 40 ശതമാനം ഓഹരി വാങ്ങിയെന്നാണ് വിവരം. ജനപ്രതിനിധികളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിലക്കെടുക്കാന്‍ ഇപ്പോള്‍ ഈ കമ്പനി അധികൃതരാണ് ശ്രമിക്കുന്നതത്രേ. ഖനനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് എം.എസ്.പി.എല്‍ കമ്പനി ചക്കിട്ടപാറ പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്‍കിയതിനു പിന്നിലും ഗൂഢാലോചന സംശയിക്കുന്നു. സഹായമഭ്യര്‍ഥിച്ച് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ ഇവര്‍ ആദ്യമേ കണ്ടിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ കത്ത് പരിഗണനക്ക് വന്നപ്പോള്‍ ഭരണകക്ഷിയിലെ പ്രമുഖര്‍ മൗനംപാലിച്ചെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പേരാമ്പ്രയുടെ വികസനത്തിനുവേണ്ടി മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത ശില്‍പശാലയില്‍ സി.പി.എം ചക്കിട്ടപാറ ലോക്കല്‍ കമ്മിറ്റിയിലെ പ്രമുഖന്‍ മണ്ഡലത്തിലെ ഖനന സാധ്യതയെക്കുറിച്ച് ചര്‍ച്ച വേണമെന്ന് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. മേഖലയില്‍ വന്‍ വികസനക്കുതിപ്പുണ്ടാവുമെന്നും നിരവധി പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നുമെല്ലാമാണ് കമ്പനി അധികൃതര്‍ നാട്ടുകാരോട് പറയുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രദേശം പരിസ്ഥിതി ദുര്‍ബലമാണ്. ഖനനം നടക്കുകയാണെങ്കില്‍ കസ്തൂരിരംഗന്‍ കുരുക്കില്‍ നിന്ന് രക്ഷപ്പെടുമെന്ന് പറഞ്ഞ് നാട്ടുകാരെ കബളിപ്പിക്കാനാണ് കമ്പനിയുടെ ശ്രമമത്രേ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.