ഗതാഗതക്കുരുക്കില്‍ നഗരത്തിലെ റോഡുകള്‍

കോഴിക്കോട്: നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ സമയത്തിന് പൂര്‍ത്തിയാകാത്തത് നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. പുതിയറ, കല്ലായ് റോഡ്, മാവൂര്‍ റോഡ്, രാജാജി റോഡ് എന്നിവിടങ്ങളില്‍ രാവിലെയും വൈകീട്ടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ്സ്റ്റാന്‍ഡിന്‍െറ മുന്‍വശം അറ്റകുറ്റപ്പണി നടക്കുന്നതിന്‍െറ ഭാഗമായി മാവൂര്‍ റോഡില്‍നിന്ന് ബസുകള്‍ സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ചൊവ്വാഴ്ച അടച്ചിട്ടത് ഗതാഗതക്കുരുക്കിന് ആക്കംകൂട്ടി. ഇതുവഴി കയറേണ്ട ബസുകള്‍ രാജാജി റോഡ് വഴി ബസ്സ്റ്റാന്‍ഡിന്‍െറ മറു വശത്തുകൂടിയാണ് കടത്തിവിട്ടത്. ഇതുമൂലം മാവൂര്‍ റോഡ്-രാജാജി റോഡ് ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. പാലക്കാട്, മഞ്ചേരി, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ബസുകള്‍ ഒരുമിച്ച് വരുന്നതും ഒരു ഭാഗത്തുകൂടി മാത്രം കയറുന്നതും നഗരമധ്യത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ ഇടയാക്കി. പുതിയറ ഭാഗത്ത് റോഡുകള്‍ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്നതിനാല്‍ വാഹനങ്ങള്‍ പതുക്കെ പോകുന്നത് കാരണം ആ ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്. പലപ്പോഴും പുതിയറ ജങ്ഷനില്‍ വലിയ ഗതാഗതക്കുരുക്കുണ്ടാക്കുന്നത് മറ്റു റോഡുകളിലേക്കും വ്യാപിക്കുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് വരുന്ന വാഹനങ്ങള്‍ പലതും നിര്‍ത്തിയിട്ട് മറ്റു സ്ഥലങ്ങളില്‍ പോകുന്നതും റോഡില്‍ വലിയ തിരക്കിന് കാരണമാകുന്നു. കല്ലായി റോഡില്‍ പന്നിയങ്കര ഭാഗത്ത് വലിയ വെള്ളക്കെട്ടുകളും ഗര്‍ത്തങ്ങളും കടന്ന് വാഹനങ്ങള്‍ക്ക് മുന്നോട്ടുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. കാല്‍നടക്കാര്‍ക്കും റോഡിലൂടെ നടക്കുന്നത് വലിയ ഭീഷണിയായിട്ടുണ്ട്. മിക്ക ജങ്ഷനുകളിലും ട്രാഫിക് ഡ്യൂട്ടിക്ക് നില്‍ക്കുന്ന പൊലീസുകാര്‍ക്കും ഹോംഗാര്‍ഡിനും ഗതാഗതം നിയന്ത്രിക്കുന്നത് വലിയ ബുദ്ധിമുട്ടായിരിക്കുകയാണ്. മഴ പെയ്താല്‍ ചളി തെറിക്കും. മഴ പെയ്തില്ളെങ്കില്‍ പൊടിപാറി നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ഹോംഗാര്‍ഡ് ബാബു പറയുന്നു. വാഹനങ്ങളില്‍നിന്ന് വരുന്ന പുകയും റോഡിലെ ചളിയും പൊടിപടലങ്ങളും കാരണം വലിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാനുള്ള സാഹചര്യത്തിലാണ് മിക്ക ട്രാഫിക് പൊലീസുകാരും ഹോംഗാര്‍ഡുകളും ജോലി ചെയ്യുന്നത്. നഗരത്തിന്‍െറ വികസന പദ്ധതികള്‍ പലതും വളരെ പതുക്കെ നീങ്ങുന്നതിനെതിരെ വ്യാപാരികള്‍ രംഗത്തുവന്നിരുന്നു. ജോലികള്‍ എത്രയും പെട്ടെന്ന് തീര്‍ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കരാറുകാര്‍ അറിയിച്ചിരുന്നെങ്കിലും പല പദ്ധതികളും പതുക്കെ നീങ്ങുന്ന അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.