അതിവേഗ റെയില്‍: പ്രതിഷേധമിരമ്പി

വടകര: അതിവേഗ റെയില്‍ പദ്ധതിക്കെതിരെ പ്രതിരോധ സമിതി നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരിമ്പി. പദ്ധതിക്കായി വടകര താലൂക്കില്‍ മാത്രം ആയിരത്തിലധികം കുടുംബങ്ങള്‍ കുടിയൊഴിയേണ്ടി വരുമെന്നാണ് കണക്ക്. പാതക്കായി അടയാളപ്പെടുത്തിയ സ്ഥലം കേന്ദ്രീകരിച്ച് അതിവേഗ റെയില്‍ പ്രതിരോധ സമിതി നേരത്തേ തന്നെ തയാറാക്കിയതാണീ കണക്ക്. ഈ സാഹചര്യത്തില്‍ സ്ത്രീകളും പ്രായംചെന്നവരും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് മാര്‍ച്ചില്‍ പങ്കാളികളായത്. സര്‍വേ പ്രകാരം വടകര മേഖലയില്‍ അഴിയൂര്‍, ഏറാമല, ഒഞ്ചിയം, ചോറോട്, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലൂടെയാണ് റെയില്‍ കടന്നുപോകുന്നത്. ഇരുപതു മീറ്റര്‍ വീതിയിലാണ് ഭൂമി ഏറ്റെടുക്കുക എന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും110 മീറ്റര്‍ വീതിയിലാണ് ഇതിനായി സ്ഥലമേറ്റെടുക്കാന്‍ നീക്കം നടത്തിയത്. ഇതുകൂടാതെ, ഇരു വശങ്ങളിലും നിശ്ചിത പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. ഇതനുസരിച്ച് ചോറോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാത്രം 250ലധികം വീടുകളാണ് നഷ്ടപ്പെടുക. ഇതില്‍ പലതും പുതുതായി നിര്‍മിച്ചവയുമാണ്. വള്ളിക്കാട് കോമുള്ളിക്കുന്ന്, കാളംകുളംതാഴ, കോയിക്കല്‍താഴ നെല്‍വയലുകള്‍, കോയിക്കല്‍ ക്ഷേത്രം, ചോറോട് രാമത്ത് പുതിയകാവ്, ശ്രീമുച്ചിലോട്ട് ഭഗവതി ക്ഷേത്രക്കുളം, ചോറോട് എച്ച്.എസ്.എസ് റോഡ്, കുരിക്കിലാട്-വൈക്കിലശ്ശേരി റോഡ്, ചോറോട്-മലോല്‍മുക്ക് റോഡ്, വള്ളിക്കാട്-വൈക്കിലശ്ശേരി റോഡ്, വള്ളിക്കാട് ലോഹ്യാ മന്ദിരം തുടങ്ങിയവയെ കീറിമുറിച്ചുകൊണ്ടാണ് പാത കടന്നുപോകുക. സ്ഥലം അടയാളപ്പെടുത്തിയതിനാല്‍ ഭൂമി വില്‍പന നടക്കുകയോ, വസ്തു പണയപ്പെടുത്തി വായ്പയെടുക്കലോ നിലച്ച അവസ്ഥയിലാണെന്ന് പരാതിയുണ്ട്. രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാക്കും. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ജനങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രതിരോധ സമിതി നേതാക്കള്‍ പറയുന്നു. വടകര പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്നാംരഭിച്ച മാര്‍ച്ച് താലൂക്ക് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. സി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും അതിവേഗ റെയില്‍ പ്രതിരോധ സമിതി ചെയര്‍മാനുമായ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഒന്നരലക്ഷം കോടി രൂപ ചെലവില്‍ പാത നിര്‍മിച്ചിട്ട് ഈ പാതയിലൂടെ ചീറിപ്പായുന്നത് ഇവിടത്തെ കുത്തകകളാണ്. സാധാരണക്കാരന് ഈ പാത എന്നും അന്യമായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നും ഈ പദ്ധതി പരാജയപ്പെട്ടതിന്‍െറ റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. പദ്ധതിയെ ന്യായീകരിച്ചുകൊണ്ടുള്ള ഇ. ശ്രീധരന്‍െറ പ്രസ്താവന അടിസ്ഥാന രഹിതമാണ്. അദ്ദേഹത്തിന് അതിവേഗ റെയിലിനെ കുറിച്ച് ഒന്നും അറിയില്ളെന്നും നീലകണ്ഠന്‍ പറഞ്ഞു. അതിവേഗ റെയില്‍ കേരളത്തില്‍ നടപ്പാക്കാന്‍ അനുവദിക്കില്ളെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്‍റ് സി.കെ. പത്മനാഭന്‍ പറഞ്ഞു. എന്‍. വേണു, മുന്‍ എം.എല്‍.എ അഡ്വ.എം.കെ. പ്രേംനാഥ്, കെ.കെ. രമ, എം.കെ. ഭാസ്കരന്‍, ബാബു ഒഞ്ചിയം, രാജേഷ് അപ്പാട്ട്, അതിവേഗ റെയില്‍ പ്രതിരോധ സമിതി ഉത്തരമേഖല കണ്‍വീനര്‍ എ. ബിജുനാഥ്, എ.കെ. സുരേഷ് മാഹി എന്നിവര്‍ സംസാരിച്ചു. ഒഞ്ചിയം ശിവശങ്കരന്‍, പി.കെ. കിഷോര്‍, കെ. ചന്ദ്രന്‍, ടി.കെ. സിബി, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT