സൗത് ബീച്ച് നവീകരണത്തിന് ഒരുങ്ങുന്നു

കോഴിക്കോട്: ഏറെ ശ്രമങ്ങള്‍ക്കൊടുവില്‍ സൗത് ബീച്ച് നവീകരണത്തിന് വഴിയൊരുങ്ങുന്നു. രണ്ട് വര്‍ഷം മുമ്പ് ഫണ്ട് അനുവദിച്ച പദ്ധതിക്കാണ് ഇപ്പോള്‍ വീണ്ടും ജീവന്‍ വെക്കുന്നത്. നേരത്തെ തീരസംരക്ഷണ വകുപ്പിലെ നിയമങ്ങളായിരുന്നു തടസ്സം. ഇത് നീങ്ങിയതോടെയാണ് സ്ഥലത്തിന് തുറമുഖ വകുപ്പിന്‍െറ അനുമതി ആവശ്യമായി വന്നത്. ഇപ്പോള്‍ സ്ഥലം വിട്ടുനല്‍കാന്‍ തുറമുഖ വകുപ്പ് സമ്മതം മൂളിയതോടെ പദ്ധതിക്ക് വഴിയൊരുങ്ങി. കോര്‍പറേഷന്‍ ഓഫിസിന് മുന്നിലെ ബീച്ച് പാര്‍ക്ക് മുതല്‍ കിഴക്കോട്ട് 300 മീറ്ററോളം നീളത്തിലാണ് സൗന്ദര്യവത്കരണവും നവീകരണവും നടക്കുക. ഇതോടൊപ്പം വൈ.എം.സി.എ ക്രോസ്റോഡുമായി ബന്ധിപ്പിക്കുന്ന റോഡും നിര്‍മിക്കും. തുറമുഖ വകുപ്പിന്‍െറ അനുമതി രേഖാമൂലം ലഭിക്കുന്നതോടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും ജനുവരി മൂന്നാം വാരത്തോടെ പ്രവൃത്തി ആരംഭിക്കുമെന്നും മന്ത്രി ഡോ. എം.കെ. മുനീറിന്‍െറ ഓഫിസ് അറിയിച്ചു. 3.90 കോടി രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിക്ക് അനുവദിച്ചത്. ഇന്‍റര്‍ലോക്ക് പതിച്ച നടപ്പാത, അലങ്കാര വിളക്കുകള്‍ എന്നിവക്ക് പുറമെ, കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന വ്യൂപോയന്‍റുകളും നിര്‍മിക്കും. ഈ ഭാഗത്ത് മരങ്ങള്‍ നടും. നാല്-ആറ് മീറ്റര്‍ വീതിയിലാണ് നടപ്പാതകള്‍ ഉണ്ടാവുക. സീക്വീന്‍ ഹോട്ടലിന് എതിര്‍വശത്ത് വിശാലമായ കളിസ്ഥലം അടക്കമുള്ള പാര്‍ക്കാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഈ സ്ഥലം കഴിഞ്ഞ വര്‍ഷം കടലാക്രമണത്തില്‍ ഇല്ലാതായതിനാല്‍ ലഭ്യമായ സ്ഥലത്താണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. തുറമുഖ വകുപ്പിന്‍െറ സ്ഥലം പാട്ടത്തിനെടുത്ത് അവിടെ നിര്‍മാണപ്രവര്‍ത്തനം നടത്തുകയും ഇവിടെ നിന്ന് ലഭിക്കുന്ന വരുമാനം തുറമുഖ വകുപ്പിന് തന്നെ നല്‍കുന്ന രീതിയിലാണ് പദ്ധതി. ഇത് പൂര്‍ത്തിയാവുന്നതോടെ കോഴിക്കോട്ടത്തെുന്ന സഞ്ചാരികള്‍ക്ക് വിശ്രമത്തിനും ഉല്ലാസത്തിനും കൂടുതല്‍ സ്ഥലം ലഭിക്കും. ഇതിന് പുറമെ, ഇവിടെയുണ്ടാക്കുന്ന റോഡ് ഗതാഗതക്കുരുക്ക് അഴിക്കാനും വഴിയൊരുക്കും. നേരത്തെ ചുമതലയുണ്ടായിരുന്ന അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ഇപ്പോള്‍ പൊന്നാനിയിലേക്ക് സ്ഥലം മാറിയിരിക്കയാണ്. പകരം ആള്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. പദ്ധതി യാഥാര്‍ഥ്യമാകുന്ന ഘട്ടത്തില്‍ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിനെതിരെ കഴിഞ്ഞ ദിവസം മന്ത്രി രംഗത്തു വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.