ജില്ലയില്‍ സുധീരന്‍െറ യാത്രക്ക് തണുത്ത പ്രതികരണം

കോഴിക്കോട്: പാര്‍ട്ടി ഭാരവാഹി പുന$സംഘടനക്ക് തൊട്ടുപിന്നാലെ നടന്ന കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ ജനരക്ഷായാത്രക്ക് തണുപ്പന്‍ സ്വീകരണം. പുന$സംഘടനയിലെ അതൃപ്തിയും ആസൂത്രണത്തിലെ പാളിച്ചകളുമാണ് പ്രശ്നമായതെന്നാണ് വിലയിരുത്തല്‍. ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധാനംചെയ്ത് പയ്യോളി, കക്കോടി, ഫറോക്ക്, ബാലുശ്ശേരി, പേരാമ്പ്ര, തിരുവള്ളൂര്‍, നാദാപുരം, വടകര, താമരശ്ശേരി, തിരുവമ്പാടി, പൂവാട്ടുപറമ്പ് എന്നിവിടങ്ങളിലാണ് സ്വീകരണ പൊതുയോഗങ്ങള്‍ നടന്നത്. പലയിടങ്ങളിലും ഭേദപ്പെട്ട ആള്‍ക്കൂട്ടമുണ്ടായെങ്കിലും പാര്‍ട്ടിപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമായി മാറിയില്ല എന്നാണ് വിലയിരുത്തല്‍. അതേസമയം, പാര്‍ട്ടി സംവിധാനം നിസ്സംഗമായി. ജില്ലയുടെ വടക്കന്‍ മേഖലയില്‍ ജനരക്ഷായാത്രയില്‍ കോണ്‍ഗ്രസ് പുന$സംഘടനാ സമിതി അഖിലേന്ത്യ ചെയര്‍മാന്‍കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രന്‍െറ അസാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. വടകര, തിരുവള്ളൂര്‍, നാദാപുരം എന്നിവിടങ്ങളിലെ യോഗങ്ങളില്‍ എം.പി മാറിനിന്നു. പുന$സംഘടനയില്‍ താന്‍ നിര്‍ദേശിച്ച ചില ആളുകളെ ഉള്‍പ്പെടുത്താത്തതിലെ നീരസമാണ് കാരണം. വെള്ളാപ്പള്ളി നടേശനെതിരായ വി.എം. സുധീരന്‍െറ കടുത്ത നിലപാടും എം.പിയെ ചൊടിപ്പിച്ചതായി അറിയുന്നു. താന്‍ നടത്തിയ വികസനകാര്യങ്ങളെപ്പറ്റി എന്താണ് ചോദിക്കാത്തത് എന്നാണ് തിങ്കളാഴ്ച ഇതുസംബന്ധിച്ച അന്വേഷണത്തിന് എം.പി പ്രതികരിച്ചത്. പേരാമ്പ്ര, പയ്യോളി, ഫറോക്ക് എന്നിവിടങ്ങളിലും വിഭാഗീയത പ്രകടമായിരുന്നു. ജില്ലയില്‍ ഏറ്റവും മോശം പ്രകടനം നടത്തിയതിന് ഫറോക്ക് ബ്ളോക് ഭാരവാഹിയെ വി.എം. സുധീരന്‍ ശാസിക്കുകവരെ ചെയ്തു. ഡി.സി.സി പുന$സംഘടനയില്‍ 31 അംഗ കമ്മിറ്റിക്ക് പകരം 85 അംഗ ജംബോ കമ്മിറ്റിയാണ് നിലവില്‍വന്നത്. എ, ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ, എം.പി ക്വോട്ടയും സുധീരന്‍ ക്വോട്ടയും നിലവില്‍വന്നു. ഇതോടെ 13 പേരെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു എന്നാണ് ആക്ഷേപം. 78 ജനറല്‍ സെക്രട്ടറിമാരും ആറ് വൈസ് പ്രസിഡന്‍റുമാരും ഒരു പ്രസിഡന്‍റും ഉള്‍പ്പെടെയാണിത്. ബ്ളോക് കമ്മിറ്റി ഭാരവാഹികള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, പോഷകസംഘടന ജില്ലാ ഭാരവാഹികള്‍ എന്നിവര്‍ക്കാണ് നേരത്തേ ജില്ലാ കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരുന്നത്. ഇത് ലംഘിച്ചതോടെ അര്‍ഹരല്ലാത്ത കൂടുതല്‍ പേര്‍ പലയിടത്തും അവകാശവാദമുന്നയിച്ചു. സുധീരന്‍െറ യാത്ര അദ്ദേഹത്തിന്‍െറ ആളുകള്‍തന്നെ നയിക്കട്ടെ എന്ന മനോഭാവം അണികളില്‍ ഉണ്ടാക്കിയതായി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നു. പുതിയ ആളുകള്‍ പ്രവര്‍ത്തകരെ പരിപാടിക്ക് എത്തിച്ചതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.