അധ്യാപകരുടെ സെന്‍സസ് ഡ്യൂട്ടി; സ്കൂളുകളില്‍ അധ്യയനം അവതാളത്തില്‍

കോഴിക്കോട്: സെന്‍സസ് ഡ്യൂട്ടി പ്രവര്‍ത്തനം നീളുന്നത് സ്കൂളുകളിലെ പരീക്ഷകളെ ബാധിക്കുമെന്ന് ആശങ്ക. ഡിസംബര്‍ മധ്യത്തോടെ ആരംഭിച്ച സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ മിക്കയിടത്തും പകുതിപോലുമായിട്ടില്ല. ദേശീയ ജനസംഖ്യാ രജിസ്റ്ററും ആധാര്‍നമ്പറും ലിങ്ക് ചെയ്യുന്ന പ്രവൃത്തിയാണ് പ്രധാനമായും നടക്കുന്നത്. 2011ല്‍ നടന്ന സെന്‍സസിനുശേഷം നാലുവര്‍ഷം കഴിഞ്ഞാണ് ഇപ്പോള്‍ തിരുത്തല്‍പ്രക്രിയ നടക്കുന്നത്. ഓരോ കുടുംബത്തിലെയും പുതിയ അംഗങ്ങളെ ചേര്‍ക്കുക, പുതുതായിവന്ന കുടുംബങ്ങളെ ഉള്‍പ്പെടുത്തുക തുടങ്ങിയതും പൂര്‍ത്തിയാക്കണം. ജില്ലയില്‍ നാലായിരത്തോളം പേരാണ് സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. കോഴിക്കോട് താലൂക്കില്‍ 1248ഉം താമരശ്ശേരിയില്‍ 740ഉം വടകരയില്‍ 1070ഉം കൊയിലാണ്ടിയില്‍ ആയിരത്തോളവും പേരാണ് സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടത്. ഇതില്‍ മുക്കാല്‍പങ്കും അധ്യാപകരാണ്. ഒരു ബ്ളോക് എട്ടു ദിവസംകൊണ്ട് പൂര്‍ത്തീകരിക്കണം എന്നാണ് നിര്‍ദേശമെങ്കിലും ഇത് അസാധ്യമാണെന്ന് അധ്യാപകര്‍ പറയുന്നു. ശരാശരി 200 വീടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു ബ്ളോക്. ചിലര്‍ക്ക് രണ്ടു ബ്ളോക് ചെയ്യേണ്ടിവരുന്നതിനാല്‍ ഇവര്‍ അഞ്ഞൂറോളം വീടുകള്‍ കയറിയിറങ്ങേണ്ടി വരും. പലപ്പോഴും വീടുകളില്‍ മുഴുവനംഗങ്ങളും ഉണ്ടാവില്ല. അതിനാല്‍ രണ്ടും മൂന്നും തവണ ഒരു വീട്ടില്‍തന്നെ ഇവര്‍ പോകേണ്ടിവരും. അവധിക്കാലമായതിനാല്‍ പലവീടുകളിലും ആളില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. എല്‍.പി, യു.പി അധ്യാപകര്‍ക്ക് പുറമേ, ഹൈസ്കൂള്‍ അധ്യാപകരെയും ഡ്യൂട്ടിക്ക് നിയോഗിച്ചതിനാല്‍ എസ്.എസ്.എല്‍.സി പരീക്ഷക്കിരിക്കുന്ന വിദ്യാര്‍ഥികളുടെ പഠനത്തെയും ദോഷകരമായി ബാധിക്കുകയാണ്. ജില്ലയിലെ ചേന്ദമംഗലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍നിന്ന് എട്ട് അധ്യാപകരാണ് ഡ്യൂട്ടിയിലുള്ളത്. ഇതുകാരണം എസ്.എസ്.എല്‍.സി പരീക്ഷക്കുള്ള മുന്നൊരുക്കങ്ങള്‍ക്ക് ഇത് തടസ്സമായിരിക്കുകയാണ്. നാലു ഗണിത അധ്യാപകരില്‍ മൂന്നുപേരും സെന്‍സസ് ഡ്യൂട്ടിയിലാണ്. ഭൗതികശാസ്ത്രത്തിന്‍െറ രണ്ട് അധ്യാപകരും സെന്‍സസിന് പോയതോടെ ഈ വിഷയത്തില്‍ പഠനംതന്നെ നടക്കുന്നില്ല. ഒരു മലയാളം, ഒരു സാമൂഹികശാസ്ത്രം, ഒരു ഹിന്ദി അധ്യാപകരും സെന്‍സസ് ഡ്യൂട്ടിയിലാണ്. ചില സ്കൂളില്‍ പകുതിയോളം അധ്യാപകര്‍ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതോടെ ചില ക്ളാസുകള്‍ക്ക് ദിവസങ്ങളായി അവധി നല്‍കിയിരിക്കുകയാണ്. സെന്‍സസ് ഡ്യൂട്ടി വേനലവധിക്കാലത്ത് നടത്തണമെന്ന് അധ്യാപകസംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെടുകയും ഇതിനായി ഡി.പി.ഐ പ്രത്യേകം അപേക്ഷ നല്‍കുകയും ചെയ്തിട്ടും സെന്‍സസ് വകുപ്പ് അധികൃതര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. അവധിക്കാലത്ത് ഡ്യൂട്ടി നല്‍കിയാല്‍ കൂടുതല്‍ സാമ്പത്തികബാധ്യതയുണ്ടാകും എന്നതാണത്രെ ഇപ്പോള്‍തന്നെ ഡ്യൂട്ടി നല്‍കാന്‍ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.