അഴിയൂരില്‍ സി.പി.എം–ലീഗ് സംഘര്‍ഷം; മൂന്നു പേര്‍ക്ക് പരിക്ക്

വടകര: സി.പി.എം-ലീഗ് സംഘര്‍ഷത്തില്‍ അഴിയൂരില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ലീഗ് പ്രവര്‍ത്തകരായ അഴിയൂര്‍ ബാഫഖി റോഡില്‍ സാജിദ മന്‍സിലില്‍ ഷജിനിത്ത് (26), ആസ്യാറോഡിലെ ചിള്ളിപ്പറമ്പത്ത് അന്‍സാര്‍ (19), സി.പി.എം പ്രവര്‍ത്തകനായ അഴിയൂര്‍ കോട്ടിക്കൊല്ലന്‍െറവിടെ ഷാഫി (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അഴിയൂര്‍ ഹൈസ്കൂളിന് സമീപം ചുവരെഴുത്ത് മായ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായത്. തിങ്കളാഴ്ച വൈകീട്ട് നടന്ന കൈയേറ്റത്തില്‍ ഷാഫിക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന്, രാത്രിയോടെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഷജിനിത്ത്, അന്‍സാര്‍ എന്നിവരെ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നെന്ന് പറയുന്നു. ഷജിനിത്തിന് കൈക്കും കാലിനും വെട്ടേറ്റു. അന്‍സാറിന് ഇരുമ്പ് പൈപ്പുകൊണ്ട് അടിയേറ്റു. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ ഷജിനിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. സി.പി.എം പ്രവര്‍ത്തകനായ ഷാഫി മാഹി ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്‍െറ ആഭിമുഖ്യത്തില്‍ അഴിയൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിച്ചു. കടകളും മറ്റും സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. കുറ്റക്കാരെ പിടികൂടണമെന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് സഹായത്തോടെ അഴിയൂരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണ്. ലീഗ് നേതാവിന്‍െറ വീടടക്കം ബോംബെറിഞ്ഞ് തകര്‍ത്ത സംഭവത്തില്‍ പ്രതികളെ ഇതുവരെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. ഇത്തരത്തിലുള്ള പൊലീസിന്‍െറ സമീപനം ആക്രമണങ്ങള്‍ക്ക് ആക്കംകൂട്ടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ. അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. പുത്തൂര്‍ അസീസ്, എ.ടി. ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, പ്രദീപ് ചോമ്പാല, വി.പി. ജയന്‍, ഇസ്മായില്‍ മാളിയേക്കല്‍, കെ.പി.എ. ലത്തീഫ്, കെ.പി. രവീന്ദ്രന്‍, കാസിം നെല്ളോളി, കൈപ്പാട്ട് ശ്രീധരന്‍, ഹാരിസ് മുക്കാളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.