നാദാപുരം മണ്ഡലത്തില്‍ വരള്‍ച്ച നേരിടാന്‍ സമഗ്രപദ്ധതി

നാദാപുരം: കടുത്ത വരള്‍ച്ച നേരിടാന്‍ നാദാപുരം നിയോജക മണ്ഡലത്തില്‍ നീര്‍ത്തട സംരക്ഷണത്തിനും കുടിവെള്ളം ഉറപ്പുവരുത്താനും സമഗ്ര പദ്ധതികള്‍ ആവിഷ്കരിച്ചു. തിങ്കളാഴ്ച നാദാപുരം അതിഥിമന്ദിരത്തില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തിലാണ് തീരുമാനം. അഞ്ചു പഞ്ചായത്തുകളില്‍ കുടിവെള്ള വിതരണത്തിന് കുന്നുമ്മല്‍ അനുബന്ധ പദ്ധതി ഉടന്‍ കമീഷന്‍ ചെയ്യണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. ചെക്യാട് ഉള്ളിപ്പാറയില്‍ പാറ പൊട്ടിച്ചതിനെ തുടര്‍ന്ന് രൂപപ്പെട്ട തടാക സമാനമായ ജലാശയം സംരക്ഷിക്കാന്‍ വേണ്ടത് ചെയ്യണമെന്ന് ജില്ല പഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍ യോഗത്തില്‍ പറഞ്ഞു. മണ്ഡലത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ജലസംഭരണി സ്ഥാപിക്കും. തടയണ നിര്‍മാണം ത്വരിതപ്പെടുത്തും . കനാലുകള്‍ അറ്റകുറ്റപ്പണി നടത്തി ജലവിതരണം സുഗമമാക്കും. വടകരക്ക് കുടിവെള്ളം പമ്പ് ചെയ്യുന്ന വിഷ്ണുമംഗലം ബണ്ടില്‍ ചളിയും മണ്ണും നീക്കം ചെയ്ത് ജലസംഭരണശേഷി വര്‍ധിപ്പിക്കും. തൊഴിലുറപ്പ് ജോലിക്കാരെ ഉപയോഗിച്ച് ഓരോ പഞ്ചായത്തിലെയും നീര്‍ത്തടങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. ഇ.കെ വിജയന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. വടകര തഹസില്‍ദാര്‍ പി.കെ. സതീഷ്കുമാര്‍, തൂണേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണന്‍, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ പി.ജി. ജോര്‍ജ്, ജില്ല ആസൂത്രണസമിതി അംഗം അഹമ്മദ് പുന്നക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ എം.കെ. സഫീറ, ടി.കെ. അരവിന്ദാക്ഷന്‍, പി.പി. സുരേഷ്കുമാര്‍, എം. സുമതി, ഒ.സി. ജയന്‍, എന്‍. നാരായണി, കെ.ടി.കെ. അശ്വതി, മറ്റ് ജനപ്രതിനിധികളായ കെ. ചന്തു മാസ്റ്റര്‍, അഹമ്മദ് കുറുവയില്‍, തെങ്ങലക്കണ്ടി അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.