ലഹരിയുപയോഗത്തില്‍ പഞ്ചാബിനും ഉത്തര്‍പ്രദേശിനും തൊട്ടുതാഴെ കേരളം

കൊടുവള്ളി: പഞ്ചാബിനും ഉത്തര്‍പ്രദേശിനും തൊട്ടുതാഴെ കേരളമാണ് ലഹരിയുപയോഗത്തില്‍ മുന്നില്‍നില്‍ക്കുന്നതെന്ന് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങ്.ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊടുവള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ലഹരിയുല്‍പാദനമില്ലാത്ത സംസ്ഥാനമായിട്ടും 95 ശതമാനവും തമിഴ്നാട്, കര്‍ണാടക, ഗോവ, മുംബൈ എന്നിവിടങ്ങളില്‍നിന്ന് അതിര്‍ത്തിജില്ലകള്‍ വഴി കടത്തിക്കൊണ്ടുവരുകയാണ് ചെയ്യുന്നത്. നഗരപ്രദേശത്തില്‍ കൊച്ചിയാണ് മുന്നില്‍ നില്‍ക്കുന്നത്. 70 ശതമാനത്തിലധികം വിദ്യാര്‍ഥികള്‍ ഏതെങ്കിലും വിധത്തില്‍ ഒരുതവണയെങ്കിലും ലഹരിവസ്തുക്കള്‍ കഴിച്ചവരായിരിക്കും. ആകാംക്ഷ, വെല്ലുവിളി, ചിന്തകള്‍ എന്നീ മൂന്നുകാര്യങ്ങളാണ് വിദ്യാര്‍ഥികളെ ലഹരിയിലേക്ക് നയിക്കുന്നത്. ഇതില്‍നിന്നും മുക്തമാവാന്‍ വിദ്യാര്‍ഥികള്‍ക്കുതന്നെ കഴിയണം. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും കുട്ടികളെ ലഹരിയില്‍നിന്നും മോചിതരാക്കാന്‍ കഴിയുമെന്നും കമീഷണര്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ലഹരിക്കെതിരെ ആറുമാസം കൊണ്ട്, രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളാണ് നടത്താനായത്. ലഹരിയുമായി ബന്ധപ്പെട്ട് 1700 കേസുകളാണ് എടുത്തത്. വ്യാജവാറ്റുകള്‍ സംബന്ധിച്ച് 16,000 കേസുകളും എടുത്തിട്ടുണ്ട്. 20,000ത്തിലധികം പേരും ജയിലിലകപ്പെട്ട് കഴിഞ്ഞു. കഞ്ചാവുമായി പിടിക്കപ്പെട്ട് ജയിലിലടക്കപ്പെട്ടത് 1800 പേരാണ്. 100 ടണ്‍ ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തതായും കമീഷണര്‍ പറഞ്ഞു. ലഹരിവസ്തുക്കളുടെ ഉറവിടം, ഉപയോഗിക്കുന്നവര്‍, വില്‍പന നടത്തുന്നവര്‍ സംബന്ധിച്ച് തന്‍െറ ഫോണിലേക്ക് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിച്ച് പരാതി പറയാവുന്നതാണ്. ബസ് ഉള്‍പ്പെടെ വാഹനമോടിക്കുന്നവരും ജീവനക്കാരും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരങ്ങള്‍ 90 61178000, 9447178000 എന്നീ നമ്പറുകളില്‍ അറിയിച്ചാല്‍ ഉടനടി നടപടി സ്വീകരിക്കുന്നതാണെന്നും കമീഷണര്‍ മറുപടിയായി പറഞ്ഞു. വിദ്യാര്‍ഥികളുടെ മദ്യവിരുദ്ധ കൂട്ടായ്മയായ ആന്‍റി ഡ്രഗ്സ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ ഉദ്ഘാടനവും ബോധവത്കരണ സൈക്കിള്‍ റാലി, ചിത്രപ്രദര്‍ശനം എന്നിവയും ഋഷിരാജ്സിങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് ഒ.പി.ഐ. കോയ അധ്യക്ഷത വഹിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ കുര്യാക്കോസ്, അബ്ദുല്‍ റഹീം, കോ ഓഡിനേറ്റര്‍ ഉസ്സയിന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ രാജശ്രീ സ്വാഗതവും വിഷ്ണു നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.