കോഴിക്കോട്: മേടച്ചൂടില്‍ വെന്തുരുകുമ്പോഴും വേനല്‍മഴ മാറിനില്‍ക്കുന്നതിനാല്‍ ജില്ല ചുട്ടുപഴുത്തു. സംസ്ഥാനത്ത് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ പാലക്കാടിന് തൊട്ടുപിന്നിലാണ് കോഴിക്കോട്. താപനില ഉയര്‍ന്ന നിലയില്‍ തുടരുന്നതിനാല്‍ ജനം വലയുന്നു. താപനിലയില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ നേരിയ കുറവുവന്നെങ്കിലും ജില്ലയില്‍ തിങ്കളാഴ്ചയും അനുഭവപ്പെട്ടത് കഠിനമായ ചൂടുതന്നെ. ഞായറാഴ്ച കോഴിക്കോട്ടെ താപനില 39 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. തിങ്കളാഴ്ച ഇത് 0.2 ശതമാനം കുറഞ്ഞ് 38.8 ആയി. സംസ്ഥാനത്ത് പാലക്കാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്നത് കോഴിക്കോട്ടാണ്. പാലക്കാട്ട് തിങ്കളാഴ്ചത്തെ താപനില 39.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങള്‍ ഒരാഴ്ചയായി കടുത്ത ചൂടിന്‍െറ പിടിയിലമര്‍ന്നിരിക്കുകയാണ്. വേനല്‍മഴ കാര്യമായി ലഭിക്കാത്തതാണ് വര്‍ധിച്ച താപനില തുടരാന്‍ കാരണം. ഈ വര്‍ഷം ജില്ലയില്‍ ഒരു തവണ മാത്രമാണ് വേനല്‍ മഴ ലഭിച്ചത്. ഇത്തവണ ജില്ലയില്‍ വേനല്‍മഴയില്‍ 19 ശതമാനത്തിന്‍െറ കുറവുണ്ടായിട്ടുണ്ട്. 43.7 മില്ലി ലിറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 35.6 മില്ലിലിറ്റര്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നിരവധി തവണ മഴ ലഭിച്ചു. അന്ന് കൂടിയ താപനില 36 ഡിഗ്രിയായിരുന്നു. ഇത്തവണ കൂടിയ താപനില 36 ഡിഗ്രി മുതല്‍ 39 ഡിഗ്രി വരെ വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചൂട് കനത്തതോടെ പകല്‍ സമയത്ത്, പ്രത്യേകിച്ച് ഉച്ചനേരങ്ങളില്‍ പുറത്തിറങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. പുറത്തിറങ്ങുന്നവര്‍ തന്നെ കാല്‍നടയാത്ര ഒഴിവാക്കി ഓട്ടോ പോലുള്ള വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. ഉയര്‍ന്ന ചൂടിന്‍െറ ഫലമെന്നോണം മിക്കകടകളിലും പകല്‍നേരത്ത് ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. എന്നാല്‍, കുടിവെള്ളം, ശീതളപാനീയങ്ങള്‍, ജ്യൂസുകള്‍, സംഭാരം തുടങ്ങിയവയുടെ വില്‍പന ഗണ്യമായി ഉയര്‍ന്നു. വൃത്തിയില്ലാത്ത പരിസരങ്ങളില്‍നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കരുതെന്നും കടകളില്‍ നിന്ന് വാങ്ങുന്ന കുപ്പിവെള്ളത്തിനുപകരം തിളപ്പിച്ചാറിയ വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശമുണ്ട്. കുടിവെള്ളക്ഷാമം രൂക്ഷമായ പല മേഖലകളിലും സ്വകാര്യ ഏജന്‍സികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറ്റെടുത്താണ് കുടിവെള്ള വിതരണം നടത്തുന്നത്. എന്നാല്‍, ഇവയുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ ആരും മിനക്കെടാറില്ല. ഈ സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.