നാദാപുരം: സീറോ ബാലന്‍സ് അക്കൗണ്ടെടുത്ത് അതിലൂടെ ന്യൂനപക്ഷ സ്കോളര്‍ഷിപ് തുക ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പണം നല്‍കാതെ ബാങ്കിന്‍െറ പീഡനം. നാദാപുരം കനറാ ബാങ്കില്‍ അക്കൗണ്ടെടുത്ത വിദ്യാര്‍ഥികള്‍ക്കാണ് ബാങ്ക് അധികൃതരുടെ നിലപാട് തിരിച്ചടിയായത്. ഇവരുടെ അക്കൗണ്ടിലേക്കുവന്ന 1000 രൂപയുടെ സ്കോളര്‍ഷിപ് തുക പിന്‍വലിക്കാന്‍ ചെന്നപ്പോള്‍ അക്കൗണ്ടില്‍ 324 രൂപ മാത്രമേ ബാലന്‍സുണ്ടായിരുന്നുള്ളൂ. ഈ തുക പിന്‍വലിക്കണമെങ്കില്‍ 1000 രൂപകൂടി ബാങ്കില്‍ അടക്കണമെന്ന മറുപടിയാണ് ബാങ്ക് അധികൃതരില്‍നിന്ന് രക്ഷിതാക്കള്‍ക്ക് ലഭിച്ചത്. സീറോ ബാലന്‍സ് അക്കൗണ്ടിന് അപേക്ഷിച്ച കുട്ടികള്‍ക്ക് ബാങ്ക് അധികൃതര്‍ എസ്.ബി അക്കൗണ്ട് അനുവദിച്ചതാണ് പ്രശ്നമായത്. നിശ്ചിതതുക അക്കൗണ്ടില്‍ സ്ഥിരമായി ഉണ്ടായിരിക്കണമെന്ന നിബന്ധന ഇത്തരം അക്കൗണ്ടുകള്‍ക്കുണ്ട്. ഇടപാടുകള്‍ വൈകിയാല്‍ നിശ്ചിതതുക പെനാല്‍റ്റിയായും നല്‍കേണ്ടിവരും. ബാങ്കില്‍ സ്കോളര്‍ഷിപ് തുക പിന്‍വലിക്കാനത്തെിയ നിര്‍ധനകുടുംബങ്ങളിലേതടക്കം വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് ബാങ്കുകാരുടെ ഇരുട്ടടിയില്‍ നെടുവീര്‍പ്പിടുന്നത്. സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍ തുക വിതരണംചെയ്യുന്നത് ബാങ്ക് അക്കൗണ്ടുവഴിയാണ്. ഇതിനായി വിദ്യാര്‍ഥികള്‍ ഏതെങ്കിലും ദേശസാത്കൃത ബാങ്കുകളില്‍ അക്കൗണ്ട് എടുക്കണമെന്ന് നിബന്ധനയുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിന് പ്രത്യേക തുകയൊന്നും നിക്ഷേപിക്കേണ്ടതില്ലത്രെ. സീറോ ബാലന്‍സ് അക്കൗണ്ടാണ് കുട്ടികള്‍ എടുക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്. വിദ്യാര്‍ഥികളുടെ ജനനത്തീയതിയും തിരിച്ചറിയല്‍രേഖകളും സ്കൂള്‍ പ്രധാനാധ്യാപകന്‍െറ സാക്ഷ്യപത്രവുമടക്കം ബാങ്കില്‍ ഹാജരാക്കിയാണ് നിയമാനുസൃതം വിദ്യാര്‍ഥികള്‍ സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങിയത്. സമാനമായ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാങ്ക് സീനിയര്‍ മാനേജര്‍ പറഞ്ഞു. ബാങ്കിന്‍െറ ഭാഗത്തുനിന്ന് അപകാത സംഭവിച്ചതാകാമെന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പുതിയ സീറോ ബാലന്‍സ് അക്കൗണ്ട് നല്‍കി പഴയ അക്കൗണ്ടില്‍വന്ന തുക ഇതിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.