കൂടുതല്‍ സമയം ജോലി ചെയ്ത് ഡോക്ടര്‍മാരുടെ സമരം

കോഴിക്കോട്: കൂടുതല്‍ സമയം ജോലി ചെയ്ത് മെഡിക്കല്‍ കോളജ് പി.ജി ഡോക്ടര്‍മാരുടെ പ്രതിരോധ സമരം. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പി.ജി അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന സമരത്തിന്‍െറ ഭാഗമായാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലും സമരം നടന്നത്. സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കുക, രാത്രി ജോലിയെടുക്കുന്ന ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുക, എം.ബി.ബി.എസ് ഡോക്ടര്‍മാരെ ലെക്ചറര്‍/ അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളിലേക്ക് നിയമിക്കാനുള്ള തീരുമാനം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ഡോക്ടര്‍മാര്‍ പ്രതിരോധ സമരം നയിക്കുന്നത്. വാര്‍ഷിക ഫീസ് 21000 മാത്രമുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ 48000 രൂപ വരെയാണ് ശരാശരി സ്റ്റൈപന്‍ഡ് നല്‍കുന്നത്്. എന്നാല്‍ വാര്‍ഷിക ഫീസ് 70,000 രൂപയുള്ള കേരളത്തില്‍ 32,000 രൂപ മാത്രമേ സ്റ്റൈപന്‍ഡ് ലഭിക്കുന്നുള്ളൂവെന്നും ഇതുമൂലം ഫീസ് തുക കിഴിച്ചാല്‍ മാസം ഹൗസ് സര്‍ജന്‍സിന് ലഭിക്കുന്ന തുക മാത്രമേ തങ്ങള്‍ക്കും ലഭിക്കുന്നുള്ളൂവെന്നും പി.ജി ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൗസ്സര്‍ജന്‍സിനും മറ്റും ഇടക്കിടെ സ്റ്റൈപന്‍ഡ് വര്‍ധിപ്പിക്കുമ്പോള്‍ തങ്ങള്‍ക്ക് 2008നു ശേഷം വര്‍ധനയുണ്ടായിട്ടില്ളെന്നും പി.ജി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. പി.പി. മുഹമ്മദ് മുസ്തഫ, സെക്രട്ടറി ഡോ. സജിത് ലാല്‍ എന്നിവര്‍ പറഞ്ഞു. എപ്പോഴും കൂടുതല്‍ ഡോക്ടര്‍മാരുടെ ആവശ്യം വരുന്ന അത്യാഹിത വിഭാഗം, തീവ്രപരിചരണ വിഭാഗം എന്നിവിടങ്ങളിലാണ് പി.ജി ഡോക്ടര്‍മാര്‍ കൂടുതല്‍ സമയം ജോലി എടുക്കുന്നത്. അത്യാഹിത വിഭാഗത്തിലും ഐ.സി.യുവിലും സ്വതവേ 24 മണിക്കൂര്‍ ഡ്യൂട്ടിയിലുള്ളവര്‍ കൂടാതെ മറ്റ് വാര്‍ഡ് ഡ്യൂട്ടികള്‍, ഓപറേഷന്‍ തിയറ്റര്‍ ഡ്യൂട്ടി, ഒ.പി ഡ്യൂട്ടി എന്നിവ കഴിഞ്ഞ് വരുന്ന പി.ജിക്കാരും അത്യാഹിത വിഭാഗത്തിലും ഐ.സി.യുവിലും ജോലിക്ക് കയറിയിട്ടുണ്ട്. കാബിനറ്റ് തീരുമാനമനുസരിച്ചായിരിക്കും തുടര്‍ നടപടികളെന്നും അസോസിയേഷന്‍ പ്രസിഡന്‍റ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.