കളി കഴിഞ്ഞപ്പോള്‍ കാടായി, കുളമായി

കോഴിക്കോട്: ദേശീയ ഗെയിംസിനായി നവീകരിച്ച കോര്‍പറേഷന്‍ സ്റ്റേഡിയ സമുച്ചയം പഴയ പടിയായി. സ്റ്റേഡിയത്തിന്‍െറ പല ഭാഗങ്ങളും തുരുമ്പെടുത്തു. കവാടങ്ങള്‍ വികൃതമായി. ദേശീയ ഗെയിംസ് വരുന്നതിന് തൊട്ടുമുമ്പ് തിരക്കിട്ടാണ് പണി നടന്നത്. പുതിയ മേല്‍ക്കൂരയും ടൈലുകളും വീണുതുടങ്ങി. വിളക്കുകള്‍ ഒടിഞ്ഞുതൂങ്ങി. തിരക്കിനിടയില്‍ പലയിടത്തും പണി പാതിയാക്കിയിട്ടിരിക്കുകയാണ്. ഇവിടെയെല്ലാം കൂടുതല്‍ വികൃതമായി അടര്‍ന്നുതുടങ്ങി. സ്റ്റേഡിയത്തില്‍ അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിങ്ങിനുള്ള ഭാഗത്ത് മഴവെള്ളം ഒഴിഞ്ഞുപോകാതെ മാലിന്യക്കുളമായി മാറി. പൂപ്പല്‍ കെട്ടി ദുര്‍ഗന്ധം വമിക്കുന്ന വെള്ളത്തില്‍ കൊതുകു കൂത്താടികള്‍ തിമിര്‍ക്കുന്നു. രാത്രി വെളിച്ചമില്ലാത്ത ഇവിടത്തെ വെള്ളക്കെട്ട് വന്‍ അപകടത്തിനും കാരണമാകും. രാത്രി പൊതുവെ വിജനമായ സ്റ്റേഡിയം, ശ്രീകണ്ഠേശ്വര ക്ഷേത്രം പരിസരം എന്നിവ ഇതര സംസ്ഥാന തൊഴിലാളികളുടെ കേന്ദ്രമാണ്. സ്റ്റേഡിയത്തിനു മുന്നില്‍ ഏറെ കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത ഇ-ടോയ്ലെറ്റുകള്‍ രണ്ടെണ്ണവും പ്രവര്‍ത്തനരഹിതമായി. ഒരാള്‍പ്പൊക്കത്തില്‍ വളര്‍ന്ന കാടിനുള്ളിലാണ് ഇപ്പോള്‍ ഇ-ടോയ്ലെറ്റുകള്‍ നില്‍ക്കുന്നത്. വിഷമുള്ളുകള്‍ നിറഞ്ഞ ആനത്തൊട്ടാവാടികളാണ് ഇ-ടോയ്ലെറ്റിന് ചുറ്റും. തിരക്കേറിയ പാവമണി റോഡില്‍ കാട്ടുതുരുത്തുപോലെ കിടക്കുകയാണ് ടോയ്ലെറ്റും പരിസരവും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി നിര്‍മിച്ച ടോയ്ലെറ്റുകളാണിപ്പോള്‍ ആളുകയറാതായത്. സ്റ്റേഡിയത്തിനുചുറ്റും പല ഭാഗത്തായി നിര്‍മാണസാമഗ്രികള്‍ ചിതറിക്കിടക്കുന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രം റോഡില്‍ കിഴക്ക് ഫുട്പാത്ത് നിറയെ കല്ലും കോണ്‍ക്രീറ്റ് കഷണങ്ങളും കിടക്കുകയാണ്. പൊട്ടിയ കുപ്പിയടക്കം മാലിന്യവും സ്റ്റേഡിയത്തിനു മുന്നിലെ ഫുട്പാത്തില്‍ പരന്നുതുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.