വൈദ്യുതി ശ്മശാനത്തിനൊരു ചരമഗീതം

കോഴിക്കോട്: മാവൂര്‍റോഡ് വൈദ്യുതി ശ്മശാനത്തിന് ചരമഗീതം പാടാന്‍ സമയമായി. ഒന്നര വര്‍ഷമായി ശവദാഹം നടക്കാതെ പൂട്ടിയിട്ടിരിക്കുകയാണ് ശ്മശാനം. മോട്ടോര്‍ പ്രവര്‍ത്തനരഹിതമാണെന്നും വൈദ്യുതി ചൂള കേടാണെന്നുമാണ് അടച്ചുപൂട്ടിയതിനുകാരണം പറയുന്നത്. 2014 ഏപ്രില്‍ ഒന്നിന് അടച്ചുപൂട്ടിയതാണ് നാട്ടുകാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്ന ഈ ശ്മശാനം. 2002ല്‍ റോട്ടറി ക്ളബ് 70 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച് കോര്‍പറേഷന് കൈമാറിയതാണ് ഇത്. അറ്റകുറ്റപ്പണി കോര്‍പറേഷന്‍െറ ചുമതലയാണെങ്കിലും ഒന്നര വര്‍ഷത്തോളമായി വൈദ്യുതി ശ്മശാനത്തില്‍ ഒരു പണിയും നടന്നിട്ടില്ല. ഇതോടൊപ്പമുള്ള സാധാരണ ശ്മശാനവും തകര്‍ച്ചയുടെ വക്കിലാണ്. 14 ചൂളകളാണ് ഇവിടെയുള്ളത്. അവയെല്ലാം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്്. ഈ ശ്മശാനത്തിലേക്കായി ഒരു ട്യൂബ്ലൈറ്റ് മാത്രമാണുള്ളത്. പുറത്തുള്ള ചൂളകളില്‍ രാത്രിസമയങ്ങളില്‍ ശവദാഹം നടത്തേണ്ടിവരുമ്പോള്‍ മൃതദേഹത്തോടൊപ്പം വന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റ് ഉപയോഗിക്കേണ്ട ഗതികേടിലാണ് ജീവനക്കാര്‍. ചൂളയിലേക്കുള്ള ചകിരി, ചിരട്ട, പുല്ല് എന്നിവ സൂക്ഷിക്കാനും ഇടമില്ല. ജീവനക്കാര്‍ കെട്ടിയിരുന്ന താല്‍ക്കാലിക ഷെഡ് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോര്‍പറേഷന്‍ പൊളിച്ചുമാറ്റിയിരുന്നു. പുതിയത് നിര്‍മിച്ചുകൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും നിര്‍മിച്ചിട്ടില്ളെന്ന് ജീവനക്കാര്‍ പറയുന്നു. ചകിരിയും ചിരട്ടയുമെല്ലാം മഴയത്ത് സൂക്ഷിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ജീവനക്കാര്‍. കൂടാതെ, ചൂളയില്‍നിന്ന് വാരുന്ന വെണ്ണീറ് സമീപത്തുതന്നെ നിക്ഷേപിച്ച് വലിയൊരു കുന്നായി മാറിയിരിക്കുന്നു. ഇവ ഒഴിവാക്കിത്തരാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും മാറ്റിയിട്ടില്ളെന്ന് ജീവനക്കാര്‍ പറഞ്ഞു. ബാത്റൂം സൗകര്യമില്ലാത്തതും ബുദ്ധിമുട്ടാണെന്ന് ജീവനക്കാര്‍ പറയുന്നു. ഒന്നര വര്‍ഷത്തോളമായി നഗരത്തിലെ പൊതുശ്മശാനം നശിക്കുന്നതില്‍ രാഷ്ട്രീയ സംഘടനകള്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നു. യുവജനതാദള്‍ സിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാം ഗേറ്റില്‍നിന്ന് മാവൂര്‍റോഡ് ശ്മശാനത്തിലേക്ക് പ്രതീകാത്മക ശവമഞ്ചയാത്ര നടത്തി. റീത്തുവെച്ചലങ്കരിച്ച പ്രതീകാത്മക മൃതദേഹവുമേന്തി വന്ന യാത്ര മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി. കിഷന്‍ ചന്ദ്, എം.സി. മോയിന്‍ കുട്ടി, ജയാനന്ത് വെസ്റ്റ്ഹില്‍, പി. വാസു, മനീഷ് കുളങ്ങര, ഷാജി, കുഞ്ഞുമോന്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി. വ്യാഴാഴ്ച കോണ്‍ഗ്രസ് തിരുത്തിയാട് വാര്‍ഡ് കമ്മിറ്റിയുടെ പ്രതിഷേധവുമരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.