കോഴിക്കോട്: മത്സ്യക്ഷാമം മൂലം വറുതിയിലായ മത്സ്യബന്ധന മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഇന്ധന വിലവർധന പിൻവലിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി. ഇന്ധന വില വർധനവിൽനിന്നും മത്സ്യബന്ധന മേഖലയെ സംരക്ഷിച്ചിരുന്ന സബ്സിഡി മണ്ണെണ്ണയുടെ വിതരണം നിലച്ചതുമൂലം കരിഞ്ചന്തയെ മാത്രം ആശ്രയിക്കേണ്ടി വരുന്നതാണ് കടുത്ത പ്രതിസന്ധിക്ക് കാരണം.
മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾക്ക് ഫിഷറീസ് വകുപ്പ് വിതരണം ചെയ്ത പെർമിറ്റ് വഴിയുള്ള സബ്സിഡി എണ്ണയുടെ വിതരണം സിവിൽ സപ്ലൈ വകുപ്പ് സമയബന്ധിതമായി വിതരണം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണം. വർഷങ്ങളായി മത്സ്യഫെഡ് സംസ്ഥാനത്തെ ഹാർബറുകളിൽ മണ്ണെണ്ണ ബങ്ക് ആരംഭിച്ചെങ്കിലും ഒരു വള്ളത്തിന് 140 ലിറ്റർ എണ്ണയാക്കി നിജപ്പെടുത്തിയതു മൂലം മത്സ്യത്തൊഴിലാളികൾ ഇന്നും കരിഞ്ചന്തയെ ആശ്രയിച്ചാണ് ദിനംപ്രതി മത്സ്യബന്ധനത്തിന് പോകുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ മണ്ണെണ്ണയുടെയും ഡീസലിന്റെയും പുറത്ത് ചുമത്തുന്ന ജി.എസ്.ടി അടക്കം പിൻവലിച്ച് വിലവർധനയിൽനിന്നും മേഖലയെ സംരക്ഷിക്കണമെന്ന് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു ഇതിനെതിരെ ജില്ല സ്ഥാനങ്ങൾ കേന്ദ്രീകരിച്ച് ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ജാക്സൺ പൊള്ളയിലും, സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. അബ്ദുൽ റാസികും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.