ജില്ലയിൽ സ്കൂൾ പാഠപുസ്തക വിതരണം 57 ശതമാനം പൂർത്തിയായി

കോഴിക്കോട്: അടുത്ത അധ്യയന വർഷത്തേക്കുള്ള സ്കൂൾ പാഠപുസ്തക വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ഇതുവരെ ജില്ലയിൽ ആവശ്യമുള്ള പാഠപുസ്തകങ്ങളിൽ 57 ശതമാനം വിതരണം പൂർത്തിയായി. 38,56,689 പുസ്തകങ്ങളാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലേക്ക് വേണ്ടത്. ഇതിൽ 59 ശതമാനം എത്തി, അതായത് 22,82,555 പുസ്തകങ്ങൾ. ഇതിൽ 21,83,444 പുസ്തകങ്ങൾ സ്കൂളുകളിലേക്ക് വിതരണം ചെയ്തു, 57 ശതമാനം. പാഠപുസ്തക വിതരണം മേയ് 20ഓടെ മുഴുവനാകുമെന്നാണ് കരുതുന്നതെന്ന് അധികൃതർ അറിയിച്ചു.

കെ.ബി.പി.എസാണ് പുസ്തകങ്ങൾ അച്ചടിച്ച് ജില്ലയിലെ വിതരണ ഹബ്ബിൽ എത്തിക്കുന്നത്. ഇവ കുടുംബശ്രീയുടെ നേതൃത്വത്തിൽ തരംതിരിച്ച് പാക്ക് ചെയ്യുന്നു. ഇതിനായി കുടുംബശ്രീയുടെ 24 സ്റ്റാഫുകളും നാലു വാഹനങ്ങളും ഉണ്ട്. ഇവിടെ നിന്നും ജില്ലയിലെ 333 സൊസൈറ്റികളിൽ പുസ്തകങ്ങൾ എത്തിക്കുകയാണ് ചെയ്യുന്നത്.മേയ് അവസാന വാരത്തോടെ എല്ലാ പുസ്തകങ്ങളും സ്‌കൂളുകളിൽ എത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.

പൊതുവിദ്യാഭ്യാസ, കൈത്തറി വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സൗജന്യ യൂനിഫോം, കൈത്തറി യൂനിഫോം പദ്ധതിയും ജില്ലയിൽ പുരോഗമിക്കുന്നു. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ എട്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് കൈത്തറി യൂനിഫോമാണ് നൽകുന്നത്. എയ്ഡഡ് സ്കൂളുകളിലെ എട്ടാം തരം വരെയുള്ള വിദ്യാർഥികൾക്ക് രണ്ട് ജോഡി യൂനിഫോമിന് 600 രൂപ നിരക്കിൽ അലവൻസും വിതരണം ചെയ്യും. യൂനിഫോം ആവശ്യമുള്ളതിൽ പകുതിയിലധികവും വിതരണം ചെയ്തുവെന്നും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് നൽകേണ്ട എല്ലാ കുട്ടികൾക്കും വിതരണം പൂർത്തിയാക്കുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിന്‍റെ അവസാനത്തിൽ യൂനിഫോം നൽകേണ്ട കുട്ടികളുടെ എണ്ണമെടുത്തതിനാൽ അതുപ്രകാരമാണ് വിതരണം നടക്കുന്നത്. എന്നാൽ, ക്ലാസുകൾ ആരംഭിച്ച് ക്ലാസുകളിൽനിന്ന് കുട്ടികളുടെ എണ്ണം എടുത്ത ശേഷമാണ് അലവൻസ് നൽകുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.