കുറ്റിക്കാട്ടൂര്‍: നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്‍െറ അവസാന മണിമുഴങ്ങുംവരെ സീറ്റ് ചര്‍ച്ചയില്‍ ഇരുധ്രുവങ്ങളിലായിരുന്ന യു.ഡി.എഫില്‍ മുസ്ലിം ലീഗ് തൊടുത്തുവിട്ട അമ്പ് ലക്ഷ്യംതെറ്റാതെ കോണ്‍ഗ്രസിനേറ്റു. പെരുവയല്‍ ഗ്രാമപഞ്ചായത്തുള്‍പ്പെട്ട കുന്ദമംഗലം ബ്ളോക് ഡിവിഷനിലെ ചെറുകുളത്തൂര്‍, പൂവാട്ടുപറമ്പ്, കുറ്റിക്കാട്ടൂര്‍ എന്നീ ഡിവിഷനുകളില്‍ ഏതെങ്കിലും ഒന്നായിരുന്നു മുസ്ലിം ലീഗ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് വഴങ്ങാതെ മൂന്ന് ഡിവിഷനുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മുന്നോട്ടുപോയപ്പോള്‍ മുസ്ലിം ലീഗ് പൂവാട്ടുപറമ്പില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് പി. അസ്മാബിയെയും കുറ്റിക്കാട്ടൂരില്‍ മുന്‍ വാര്‍ഡ് മെംബറും വനിതാലീഗ് നേതാവുമായ ടി.കെ. റംലയെയും നിര്‍ത്തി ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. അതോടെ വെട്ടില്‍വീണ കോണ്‍ഗ്രസ് മുസ്ലിം ലീഗിന് കുറ്റിക്കാട്ടൂര്‍ ഡിവിഷന്‍ നല്‍കി പ്രശ്നം പരിഹരിച്ചു. അതുപ്രകാരം ചെറുകുളത്തൂര്‍ ഡിവിഷനില്‍ കോണ്‍ഗ്രസിലെ ഇ.ടി. സ്മിതയും പൂവാട്ടുപറമ്പ് ഡിവിഷനില്‍ കോണ്‍ഗ്രസിലെതന്നെ രമ്യാഹരിദാസും കുറ്റിക്കാട്ടൂര്‍ ഡിവിഷനില്‍ ലീഗിലെ ടി.കെ. റംലയും മത്സരിക്കും. പൂവാട്ടുപറമ്പ് ഡിവിഷനില്‍ ഇടതുമുന്നണി സ്വതന്ത്രയായി നസീറ ചാത്തമ്പത്തും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ചെറുകുളത്തൂരിലും കുറ്റിക്കാട്ടൂരിലും യഥാക്രമം സി.പി.എമ്മിലെ സുഷമയും ശ്രീകല ഇടിയപ്പാത്ത് മീത്തലും പത്രിക നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.