മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് : പ്രക്ഷോഭം ശക്തമാക്കാന്‍ ആക്ഷന്‍ കമ്മിറ്റി

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് തുകയനുവദിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വാഗ്ദാനങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് റോഡ് ആക്ഷന്‍ കമ്മിറ്റി ഡിസംബര്‍ ആദ്യവാരം ‘ജനജാഗ്രതാ സദസ്സ്’ സംഘടിപ്പിക്കും. ‘അവഗണനയുടെ മരണപാത’ എന്ന മുദ്രാവാക്യവുമായി മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് ആക്ഷന്‍ കമ്മിറ്റി നഗരത്തിലെ മുഴുവന്‍ ജനങ്ങളുടെയും പിന്തുണ ജനജാഗ്രത സദസ്സിലൂടെ തേടുകയാണ്. റോഡ് വികസനം യഥാര്‍ഥ്യമാകേണ്ടതിന്‍െറ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജനജാഗ്രതാ സദസ്സിനുശേഷം ജനങ്ങളെയും രാഷ്ട്രീയ-സാംസ്കാരിക-സംഘടനാ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കും. റോഡ് വികസനത്തിനുള്ള ഫണ്ടിന്‍െറ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.ജി.എസ്. നാരായണന്‍െറ അധ്യക്ഷതയില്‍ അദ്ദേഹത്തിന്‍െറ മലാപറമ്പ് ഹൗസിങ് കോളനിയിലെ വസതി ‘മൈത്രിയില്‍’ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് വികസനത്തിന് 100 കോടി മുഖ്യമന്ത്രി പ്രഖ്യാപിച്ചതില്‍ 25 കോടി മാത്രമാണ് കഴിഞ്ഞ മാര്‍ച്ചില്‍ ലഭിച്ചിരുന്നത്. സെപ്റ്റംബര്‍ 30ന് ബാക്കി 75 കോടി അനുവദിക്കുമെന്ന് പൊതുമരാമത്ത് മന്ത്രിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാളിതുവരെയായിട്ടും ബാക്കിയുള്ള ഫണ്ട് ലഭിച്ചിച്ചിട്ടില്ല. ഫണ്ട് ലഭിക്കാത്തതിനാല്‍ റോഡ് വികസനം അനിശ്ചിതത്വത്തിലായി. 25 കോടി ലഭിച്ചതിനുശേഷം ഫണ്ടിന്‍െറ കാര്യത്തില്‍ കാര്യമായ നടപടിയുണ്ടായില്ല. പിന്നീട് കഴിഞ്ഞ ജൂണ്‍ 26ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പത്തുകോടിയും ഒക്ടോബര്‍ പത്തിലെ ഉത്തരവ് പ്രകാരം 25 കോടിയും അനുവദിച്ചിരുന്നു. ഇതിനുപുറമെ ഭൂമി വിട്ടുനല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ചുറ്റുമതില്‍ മാറ്റിസ്ഥാപിക്കുന്നതിനായി നാലുകോടി രൂപ വേറെയും അനുവദിച്ചിരുന്നു. ഈ 39 കോടി ഇതുവരെ അക്കൗണ്ടിലേക്ക് എത്തിയിട്ടില്ല. സര്‍ക്കാര്‍ ഉത്തരവ് പോലും നടപ്പാക്കാത്ത അധികൃതര്‍ ജനങ്ങളെ കബളിക്കുകയാണെന്നും റോഡ് വികസനം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്. കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ മന്ത്രി ഡോ. എം.കെ. മുനീറിന്‍െറയും കലക്ടറുടെയും സാന്നിധ്യത്തില്‍ കോഴിക്കോട്ടെ മെഗാ പദ്ധതിയായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പ്രധാന പദ്ധതിയാണിപ്പോഴും എവിടെയും എത്താത്തത്. ജനകീയ ഇടപെടലുകളെ വെറുപ്പോടെയും അസഹിഷ്ണുതയോടെയും കാണുന്നവരാണ് ഈ പദ്ധതിയെ തടസ്സപ്പെടുത്തുന്നതെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിക്കുന്നു. ഗാന്ധിയന്‍ തായാട്ട് ബാലന്‍ അധ്യക്ഷനായ സമരസഹായ സമിതി ഉടനെ യോഗം ചേര്‍ന്ന് സമരങ്ങളുടെ രൂപവും തീയതിയും തീരുമാനിക്കും. ആക്ഷന്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്‍റ് മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, കെ.വി. സുനില്‍കുമാര്‍, എ.കെ. ശ്രീജന്‍, പ്രദീപ് മാസ്റ്റര്‍, ഇ. സദാനന്ദന്‍, എ.ടി. തോമസ്, കെ.വി. സുജീന്ദ്രന്‍, ടി.എം.എ. നാസര്‍, പി.എം. കോയ, കെ. സത്യനാഥന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 04:18 GMT