കുറ്റ്യാടി: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ആര്‍.എം. നിസാറിനെ വെട്ടിയും ബോംബെറിഞ്ഞും കൊല്ലാന്‍ശ്രമിച്ച കേസിലെ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കുറ്റ്യാടി സി.ഐക്കാണ് അന്വേഷണച്ചുമതല. റൂറല്‍ എസ്.പിയുടെയും നാദാപുരം ഡിവൈ.എസ്.പിയുടെയും മേല്‍നോട്ടത്തിലുള്ള രണ്ടു സ്ക്വാഡുകളെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച നരിപ്പറ്റ മുള്ളമ്പത്തുനിന്ന് പ്രതികള്‍ ഉപേക്ഷിച്ചതെന്നുകരുതുന്ന കത്തി കണ്ടെടുത്തതായി നാദാപുരം ഡിവൈ.എസ്.പി പ്രേംദാസ് പറഞ്ഞു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും നാലു മണിക്കൂര്‍കൊണ്ട് അറസ്റ്റിലാവുമെന്നും വ്യാഴാഴ്ച തഹസില്‍ദാര്‍ വിളിച്ച സമാധാനയോഗത്തില്‍ ഡിവൈ.എസ്.പി പറഞ്ഞിരുന്നെങ്കിലും ആരെയും കിട്ടിയില്ളെന്നാണ് പറയുന്നത്. സംഭവസ്ഥലത്തിനടുത്ത് ഉപേക്ഷിച്ചനിലയില്‍ കണ്ട ബൈക്കും കൊളവല്ലൂരില്‍നിന്ന് വേറൊരു ബൈക്കും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞിരുന്നു. ആ ്രകമണം ആസൂത്രണംചെയ്ത് നടപ്പാക്കിയതാണെന്ന സൂചനയും ബലപ്പെടുന്നുണ്ട്. പട്ടാപ്പകല്‍ നടന്ന ആക്രമണത്തിനുശേഷം പ്രതികള്‍ ഉള്‍വഴികളിലൂടെ ബൈക്കുകളിലാണ് രക്ഷപ്പെട്ടത്. പ്രതികളില്‍ ഒന്നോ അതിലധികമോ പേര്‍ക്ക് ആക്രമണത്തിനിടയില്‍ പരിക്കേറ്റിരുന്നു. ഇവരുടെ ചോരപ്പാടുകള്‍ റോഡില്‍ പലഭാഗത്തായി കണ്ടിരുന്നു. ഇവര്‍ കായക്കൊടിയില്‍നിന്ന് പ്രഥമശുശ്രൂഷ ചെയ്തശേഷം കണ്ണൂര്‍ ജില്ലയിലെ കൊളവല്ലൂര്‍ ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പൊലീസിന് സൂചന ലഭിച്ചത്. എന്നാല്‍, കായക്കൊടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഇപ്രകാരം ആര്‍ക്കും മുറിവ് കെട്ടിക്കൊടുത്തിട്ടില്ളെന്നാണ് പറയുന്നത്. വേറെ ഏതെങ്കിലും സംഘങ്ങള്‍ ഇതിന് ഒരുങ്ങിനിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടാവാമെന്നും സംശയമുണ്ട്. അധികമാര്‍ക്കും പരിചയമില്ലാത്ത ചെമ്മണ്‍ റോഡുകളിലൂടെയാണ് സംഭവത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടത്. ഈവഴി മുന്‍കൂട്ടി തെരഞ്ഞെടുത്തതാണെന്ന് പറയുന്നു. പ്രതികള്‍ പ്രധാനറോഡുകള്‍ ഒഴിവാക്കിയാണ് മുന്നോട്ടുപോയത്. കായക്കൊടിഭാഗത്ത് പ്രഥമശുശ്രൂഷ നല്‍കിയതായി പറയുമ്പോള്‍ സംഭവത്തിനുശേഷം പ്രതികളുടെ നീക്കങ്ങളറിയാനും രക്ഷപ്പെടുത്താനും വേറെയും സംഘങ്ങള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. കുറ്റ്യാടിയില്‍ സ്ഫോടനം നടന്ന ഉടനെ ബോംബ് നിര്‍മാണത്തിനിടയില്‍ പൊട്ടിയെന്ന പ്രചാരണവും വ്യാപകമായിരുന്നു. ഈ രൂപത്തില്‍ ഒരു ചാനലില്‍ ഫ്ളാഷ് ന്യൂസ് വരുകയും ചെയ്തു. കടയില്‍നിന്ന് വെട്ടേറ്റ് രക്ഷിക്കണേയെന്ന് അലറിക്കൊണ്ട് ഓടിയ നിസാറിനെ എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനുപകരം ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നത്രെ. വെട്ടേറ്റ നിസാറിനെയും ബോംബേറില്‍ പരിക്കേറ്റ രണ്ടുപേരെയുംകൊണ്ട് ആംബുലന്‍സില്‍ പോകുമ്പോള്‍ അത്തോളിയില്‍ പൊലീസും ചില നാട്ടുകാരും ആംബുലന്‍സ് തടഞ്ഞിട്ടിരുന്നു. ബോംബ് നിര്‍മാണത്തിനിടയില്‍ പരിക്കേറ്റ പ്രതികള്‍ രക്ഷപ്പെടുന്നു എന്ന തെറ്റായസന്ദേശം അജ്ഞാതകേന്ദ്രങ്ങളില്‍നിന്ന് പ്രചരിച്ചതുകൊണ്ടാണ് പൊലീസ് തടഞ്ഞതെന്ന് പറയുന്നു. ഇതിനാല്‍, കാല്‍മണിക്കൂര്‍ താമസിച്ചാണ് ആശുപത്രിയില്‍ എത്തിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.