മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമ​െൻറ മൃതദേഹവും കണ്ടെടുത്തു

മീനച്ചിലാറ്റില്‍ കാണാതായ മൂന്നാമൻെറ മൃതദേഹവും കണ്ടെടുത്തു ഏറ്റുമാനൂർ: പേരൂരില്‍ മൈലപ്പിള്ളിക്കടവ് തൂക്കുപ ാലത്തിന് താഴെ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ മൂന്നാമത്തെ വിദ്യാര്‍ഥിയുടെ മൃതദേഹവും കണ്ടെടുത്തു. പുതുപ്പള്ളി കൈതേപ്പാലം കാടമുറി കുന്നംപ്പള്ളിയില്‍ കെ.കെ. പ്രസാദിൻെറയും പരേതയായ ബിജിയുടെയും മകന്‍ അശ്വിന്‍ കെ. പ്രസാദിൻെറ (18) മൃതദേഹമാണ് പാലത്തിൻെറ കടവിന് സമീപം കണ്ടെത്തിയത്. ചിങ്ങവനം കേളചന്ദ്രപറമ്പില്‍ കെ.സി. ചാക്കോയുടെയും സൂസമ്മയുടെയും മകന്‍ കെ.സി. അലന്‍ (18), മീനടം വട്ടകുന്ന് കൊടുവള്ളില്‍ കെ.സി. ജോയിയുടെയും ഷീബയുടെയും മകന്‍ ഷിബിന്‍ ജേക്കബ് (18) എന്നിവരുടെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് ലഭിച്ചിരുന്നു. മൂവരും പുതുപ്പള്ളി ഐ.എച്ച്.ആർ.ഡി ഹയര്‍ സെക്കൻഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. വെള്ളിയാഴ്ച ഒന്നരയോടെയാണ് സുഹൃത്തുക്കളായ എട്ടുപേര്‍ തൂക്കുപാലം കാണാനിറങ്ങിയത്. തൂക്കുപാലത്തിന് കീഴിലൂടെ നടന്നപ്പോള്‍ ശരീരത്ത് പുരണ്ട ചളി കഴുകിക്കളയാൻ ആറ്റില്‍ ഇറങ്ങിയതാണ് മൂവരുമെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറയുന്നു. ഒരാൾ കാല്‍വഴുതി വീഴുകയായിരുന്നുവെന്നും ഇയാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേരും വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നും പറയുന്നു. അഗ്‌നിരക്ഷ സേനയുടെ മുങ്ങല്‍ വിദഗ്ധരും പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച നാലോടെ കടവില്‍നിന്ന് അല്‍പം മാറി ഷിബിൻെറ മൃതദേഹം ആദ്യം കണ്ടെത്തിയത്. അരമണിക്കൂറിനകം അലൻെറ മൃതദേഹവും കണ്ടുകിട്ടി. അശ്വിനുവേണ്ടി വെള്ളിയാഴ്ച രാത്രി ഒമ്പതുവരെ തിരച്ചില്‍ നടത്തിയിട്ടും ഫലമുണ്ടായില്ല. ശനിയാഴ്ച രാവിലെ 8.30ഓടെ ഫയര്‍ഫോഴ്‌സ് സംഘമാണ് മൃതദേഹം മുങ്ങിയെടുത്തത്. ഷിബിൻെറയും അലൻെറയും മൃതദേഹം കണ്ടെടുത്തതിന് 20 അടിയോളം മാറിയാണ് മൃതദേഹം കിട്ടിയത്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോളജില്‍നിന്ന് സഹപാഠികള്‍ മൈസൂരുവിലേക്ക് വിനോദയാത്ര പോയിരുന്നു. ഇതിനൊപ്പം പോകാതിരുന്ന 12 പേരില്‍ എട്ടംഗ സംഘം ജില്ല സ്‌കൂള്‍ കലോത്സവത്തിന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍നിന്ന് ഇറങ്ങിയത്. കോട്ടയത്തെത്തിയ ഇവര്‍ സിനിമക്ക് പോയെങ്കിലും ടിക്കറ്റ് കിട്ടാതെ മടങ്ങി. പിന്നീട് ആലപ്പുഴക്ക് പോകാന്‍ പദ്ധതിയിട്ടു. എന്നാല്‍, തീരുമാനം മാറ്റി ഇവിേടക്കെത്തുകയായിരുന്നു. ജോയല്‍ സി. ഉണ്ണി, ടി.എസ്. രഞ്ജിത്, ശിവപ്രസാദ്, ശ്രീദേവ് പ്രസന്നന്‍ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികൾ. അഗ്‌നിരക്ഷ സേന കോട്ടയം സ്റ്റേഷന്‍ ഓഫിസര്‍ കെ.വി. ശിവദാസൻെറ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. മന്ത്രി പി. തിലോത്തമൻ, തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ, കലക്ടര്‍ പി.കെ. സുധീര്‍ബാബു, എ.ഡി.എം അലക്‌സ് ജോസഫ്, ആർ.ഡി.ഒ അനില്‍ ഉമ്മൻ, വി.എർ. വാസവൻ, ഏറ്റുമാനൂര്‍, പാമ്പാടി പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ.ജെ. തോമസ്, യു. ശ്രീജിത് എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഷിബിൻെറ സംസ്കാരം മീനടം വട്ടക്കുന്ന് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. അലൻെറ സംസ്കാരം വൈകീട്ട് മൂന്നിന് പരുത്തുംപാറ ശ്മശാനത്തിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.