മൂടിയില്ലാത്ത കുഴൽകിണറുകൾ ഉടൻ അടയ്​ക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴൽകിണറില്‍ വീണ രണ്ട് വയസ്സുകാരൻെറ ദാരുണാന്ത്യത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂടിയില്ലാതെ തുറന്നുകിടക്കുന്ന കുഴൽകിണറുകളുടെ മുഖഭാഗം അടിയന്തരമായി അടയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം. എല്ലാ ജില്ലകളിലും പരിശോധന നടത്തി കുഴൽകിണറുകള്‍ തുറന്നു കിടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വ്യവസായ വകുപ്പിനും ഭൂജല-തദ്ദേശ വകുപ്പുകള്‍ക്കും ദുരന്ത നിവാരണ അതോറിറ്റി കത്തുനല്‍കും. പാലക്കാട് ജില്ലയിലാണ് വലിയ കുഴൽകിണറുകള്‍ ഉള്ളതെന്നും അതെല്ലാം കമ്പനികള്‍ക്ക് ഉള്ളിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് തുറന്നുകിടക്കുന്ന കുഴല്‍കിണറുകളില്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർെട്ടങ്കിലും ജാഗ്രത പാലിക്കാനും വിവിധ വകുപ്പുകളോട് പരിശോധന നടത്താനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേരളത്തില്‍ ഭൂജല വകുപ്പ് നിര്‍മിച്ചത് 8259 കുഴൽകിണറുകളാണ്. സ്വകാര്യ ഏജന്‍സികള്‍ കുഴിച്ച കുഴൽകിണറുകളുടെ കണക്ക് വകുപ്പിലില്ല. 2012-13 കാലഘട്ടത്തില്‍ സര്‍ക്കാര്‍ നടത്തിയ പരിശോധനയിലും തുറന്നുകിടക്കുന്ന കുഴൽകിണറുകള്‍ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞദിവസം മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ദുരന്തനിവാരണ അതോറിറ്റി ഈ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള കെട്ടിട നിര്‍മാണചട്ടപ്രകാരം സംസ്ഥാനത്ത് കുഴല്‍കിണറുകള്‍ നിര്‍മിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ പെര്‍മിറ്റും ഭൂജല വകുപ്പിൻെറ ക്ലിയറന്‍സും നിര്‍ബന്ധമാണ്. ഭൂജല വകുപ്പാണ് നിര്‍മാണത്തിൻെറ നോഡല്‍ ഏജന്‍സി. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ കുഴൽകിണര്‍ നിര്‍മിക്കുന്നതിന് ഭൂജല അതോറിറ്റിയുടെ അനുമതി വേണം. സംസ്ഥാനത്ത് ഭൂജലവകുപ്പ് മുഖേന അല്ലാതെ പ്രൈവറ്റ് ഏജന്‍സികള്‍ക്ക് കുഴൽകിണര്‍ നിര്‍മിക്കുന്നതിന് ഭൂതല അതോറിറ്റിയുടെ രജിസ്ട്രേഷന്‍ ആവശ്യമാണ്. ഇതെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.